ഭർത്താവിനും മക്കൾക്കും ഭക്ഷണം പാകം ചെയ്തു നൽകുന്നതിന് പകരം സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ പോയതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. നാഗ്പൂർ സ്വദേശിനിയായ യാമിനി കൃഷ്ണലാൽ യാദവ് (38) ആണ് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവിനെ (41) പോലീസുകാർ അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ കൃഷ്ണലാൽ തനിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം പാകം ചെയ്തു നൽകാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സ്വന്തം ഹൗസിംഗ് സൊസൈറ്റിയിൽ നടക്കുന്ന ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ തയ്യാറായി നിൽക്കുകയായിരുന്ന യാമിനി ഭക്ഷണം ഉണ്ടാക്കാൻ വിസമ്മതിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും, പ്രകോപിതനായ കൃഷ്ണലാൽ യാദവ് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് ഭാര്യയെ കഴുത്തിലും വയറ്റിലും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യാമിനിക്ക് കടുത്ത കഴുത്തുവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്, വേദനസംഹാരി വാങ്ങാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ മരുന്നു കട അടച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇയാൾ വെറുംകൈയോടെ തിരിച്ചെത്തി. തുടർന്ന് യാമിനിയുടെ വയർ വീർക്കുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റ് ബോധരഹിതയാവുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
യാമിനിയുടെ കഴുത്തിലെ അസ്ഥി ഒടിഞ്ഞതായും വയറ്റിലെ കുടലുകൾക്ക് കടുത്ത ക്ഷതമേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇതോടെയാണ് പോലീസ് കൊലപാതകത്തിന് (ഐപിസി 302) കേസെടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. മുൻപും ഇയാൾ യാമിനിയെ മർദ്ദിച്ചിരുന്നതായും എന്നാൽ കുടുംബപ്രശ്നമാണെന്ന് കരുതി സഹിക്കുകയായിരുന്നുവെന്നും യാമിനിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.












