കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ശക്തമായ തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള സതീശന്റെ പ്രസ്താവനയെന്ന് മുഖപത്രം കുറ്റപ്പെടുത്തി.
കാന്തപുരത്തിന്റെ വാക്കുകളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്നും എഡിറ്റോറിയൽ പരിഹസിച്ചു. ശബരിമല യുവതി പ്രവേശന സമയത്ത് അതിനെ ശക്തമായി എതിർത്ത വ്യക്തിയാണ് സതീശനെന്നും, എന്നാൽ ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ശുദ്ധ ഇരട്ടത്താപ്പാണെന്നും ലേഖനം തുറന്നടിക്കുന്നു.
മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താല്പര്യം കാണിച്ചതുമെല്ലാം സതീശന്റെ മാറുന്ന രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്ന് എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയ രംഗത്തെ പല മുൻകാല നേതാക്കളുടെയും വായനാശീലങ്ങളെ താരതമ്യം ചെയ്ത പത്രം, വലിയ വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകളൊന്നും എഴുതിയിട്ടില്ലെന്നും, എന്നാൽ വലിയ അവകാശവാദങ്ങളില്ലാത്ത രമേശ് ചെന്നിത്തല സാഹിത്യ രചനകൾ നടത്തിയിട്ടുണ്ടെന്നും പരോക്ഷമായി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ ഇത്തരം നിലപാടുകളും പ്രസ്താവനകളും തിരുത്തപ്പെടണമെന്ന ശക്തമായ താക്കീതാണ് സമസ്ത മുഖപത്രം ഈ എഡിറ്റോറിയലിലൂടെ നൽകിയിരിക്കുന്നത്.








