കൊച്ചി: തൃക്കാക്കര ഭാരതമാത കോളജിലെ അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പിടിയിലായ രണ്ടാം വർഷ ബിബിഎ ലോജിസ്റ്റിക്സ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി എസ്.ശ്രീഹരിയെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി വികൃതമാക്കിയും അശ്ലീലരീതിയിലും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചവരിൽ കൂടുതലും സ്വന്തം അധ്യാപികമാരാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കാര്യം മാത്രമാണ് പോലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, സഹപാഠികളായ ചില പെൺകുട്ടികളുടെ യഥാർത്ഥ ചിത്രങ്ങൾ മോശമായ സൂചന നൽകുന്ന അടിക്കുറിപ്പുകളോടെ ടെലിഗ്രാം ആപ്പിലെ ഗ്രൂപ്പുകളിൽ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. കോളജ് മീഡിയ സെൽ അംഗമായിരുന്ന ശ്രീഹരിക്ക് പെൺകുട്ടികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ കൈക്കലാക്കാൻ എളുപ്പമായിരുന്നു.
ടെലിഗ്രാം വഴിയാണ് ഇയാൾ പ്രധാനമായും ചിത്രങ്ങൾ വിറ്റഴിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ കോളജ് മാനേജ്‌മെന്റ് ശ്രീഹരിയെ പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ച് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ ഉപകരണങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾക്ക് പിന്നിൽ മറ്റ് ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും സാമ്പത്തിക ലാഭത്തിനായി ചിത്രങ്ങൾ വിറ്റതാണോ എന്നും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.










