കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിനെയും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനെയും സംബന്ധിച്ച് നടത്തിയ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവെച്ചിട്ടും തൻ്റെ നിലപാടിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. “ആര് എതിർത്താലും ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങളും അല്ലാഹുവിന്റെ ശരിഅത്തും പറഞ്ഞുകൊണ്ടേയിരിക്കും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.കോഴിക്കോട് നടന്ന മർക്കസ് മിലാദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ കാണിച്ചുതന്ന പാതയിൽ നിന്ന് വ്യതിചലിക്കില്ലെന്ന് വ്യക്തമാക്കിയ കാന്തപുരം, ഇസ്‌ലാമിക നിയമങ്ങൾ വ്യക്തമാക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്ത് നടന്ന ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കൂടണമെന്ന തരത്തിലുള്ള വിവാദ പരാമർശം കാന്തപുരം നടത്തിയത്. അന്യ സ്ത്രീയും പുരുഷനും ഇടകലരുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും, സ്ത്രീകൾ പൊതുവേദികളിൽ വരുന്നത് പ്രദർശനമാണെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
വിഷയത്തിൽ കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശനും ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. സ്ത്രീകളെ വീടുകളിൽ അടച്ചിടണമെന്ന വാദം പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നുമായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. എന്നാൽ ഇതിനെ പ്രതിരോധിച്ച് സമസ്ത ഇ.കെ വിഭാഗവും യൂത്ത് ലീഗും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.












