കോഴിക്കോട്: സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയെ പരസ്യമായി വെല്ലുവിളിച്ച് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരി. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ അബുൽ അഅ്‌ലാ മൗദൂദിയുടെ ‘പർദ്ദ’ എന്ന പുസ്തകം പരാമർശിച്ചാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകൻ കൂടിയായ അസ്ഹരി രംഗത്തെത്തിയത്. സ്ത്രീ വിലക്കുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ നിലപാടുകളെ വിമർശിച്ച ജമാഅത്തെ ഇസ്‌ലാമി, തങ്ങളുടെ സ്ഥാപകനായ മൗദൂദിയെ തള്ളിപ്പറയാൻ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു.
“സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിവെച്ചത് മൗദൂദി സാഹിബാണ്. ഒന്നുകിൽ ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ സ്ഥാപകനെ തള്ളിപ്പറയണം, അല്ലെങ്കിൽ ഖുർആന്റെ അർത്ഥം മാറ്റിയെന്ന് സമ്മതിക്കണം” എന്ന് അസ്ഹരി തുറന്നടിച്ചു. ഞങ്ങൾ വലിയ പരിഷ്കൃതരാണെന്ന് നാടിന് മുന്നിൽ അഭിനയിച്ചിട്ട് കാര്യമില്ലെന്നും, അച്ചടിച്ച പുസ്തകങ്ങൾ തെളിവായി ഇവിടെയുണ്ടെന്നും ‘പർദ്ദ’ എന്ന പുസ്തകം തലയിണയുടെ അടിയിൽ വെച്ച് ഒളിച്ചുകളിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ലിംഗസമത്വത്തെയും സ്ത്രീകളുടെ പൊതുപ്രവേശനത്തെയും കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാകുമ്പോഴും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. കോഴിക്കോട് മാർക്കസ് മിലാദ് സമ്മേളനത്തിൽ സംസാരിക്കവെ, ആര് എതിർത്താലും ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നും പ്രവാചകൻ കാണിച്ചുതന്ന പാതയിൽ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കാന്തപുരം പ്രഖ്യാപിച്ചു.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കാളികളാക്കുന്നതിനെതിരെയും അന്യപുരുഷന്മാർക്കിടയിൽ വേദികളിൽ സ്ത്രീകളെ കൊണ്ടുവരുന്നതിനെതിരെയും കാന്തപുരം നൽകിയ നിർദ്ദേശമാണ് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളും മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ സമസ്ത എ.പി. വിഭാഗം മാപ്പ് ആവശ്യപ്പെട്ടതും, ഇടത് മുന്നണിക്കുള്ളിൽ വിഷയത്തിൽ ഭിന്നഭിപ്രായങ്ങൾ ഉയർന്നു വന്നതും രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.












