ഡൽഹിയിലെ സത്യനികേതനിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ പേയിംഗ് ഗസ്റ്റ് കെട്ടിട ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയ ഉടമ ഹരിറാം ഗുപ്ത രാജസ്ഥാനിലെ ഭിവാഡിയിൽ നിന്ന് പിടിയിലായി. അപകടത്തിന് പിന്നാലെ ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണത്തിനായി ഡൽഹി പോലീസിന്റെ പ്രത്യേക പത്ത് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന ഹരിറാമിനെ രാജസ്ഥാനിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി പോലീസ് പ്രതിക്കെതിരെ കർശന നടപടി സ്വീകരിച്ചത്. അനുമതിയില്ലാതെ ബേസ്‌മെന്റ് കുഴിച്ചതും അപകടാവസ്ഥയിലായ കെട്ടിടത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അറ്റകുറ്റപ്പണികൾ നടത്തിയതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഹരിറാമിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും വിശദമായ ചോദ്യം ചെയ്യൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ വീഴ്ച വരുത്തിയ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയിലെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ അടക്കം അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും ചേർന്നുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന മറ്റ് പിജി കേന്ദ്രങ്ങൾക്കെതിരെ കർശന പരിശോധന ആരംഭിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.








