തലസ്ഥാന നഗരിയിലെ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ നൂറിലധികം സ്ഥാപനങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന ആരംഭിച്ചു. നഗരത്തിലെ വിവിധയിടങ്ങളിലായി രൂപീകരിച്ച 14 പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് ഒരേസമയം ഈ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നത്.
ഹോട്ടലുകളിലെ ഭക്ഷണങ്ങളിൽ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ചില മിന്നൽ പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും, അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നഗരത്തിലുടനീളം ഇത്തരത്തിലുള്ള വിപുലമായ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. ഹോട്ടൽ അടുക്കളകളിലെ ശുചിത്വവും പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും ഉദ്യോഗസ്ഥർ കർശനമായി പരിശോധിച്ചുവരികയാണ്. പരിശോധനകൾ ഇന്ന് വൈകിട്ട് വരെ തുടരുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.








