കാൺപൂർ: വീടിനുള്ളിലെ സിസിടിവി ക്യാമറകൾ വഴിയുള്ള നിരന്തര നിരീക്ഷണത്തിലും ചെറിയ ആവശ്യങ്ങൾക്ക് പോലും പണം ചോദിച്ചു വാങ്ങേണ്ടി വന്നതിലുമുള്ള കടുത്ത നീരസത്തെ തുടർന്ന് അമ്മായിയപ്പനെ കൊലപ്പെടുത്താൻ മരുമകൾ ക്വട്ടേഷൻ നൽകി. ഉത്തർപ്രദേശിലെ കാൺപൂരിൽ 63 കാരനായ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായി വിനീത് മിനോച്ച കൊല്ലപ്പെട്ട സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിനീത് മിനോച്ചയുടെ മരുമകൾ ശാലു, മുൻ വീട്ടുജോലിക്കാരനായ വിശാൽ, കൂട്ടാളി രാജ് കിഷോർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിനുള്ളിലെ ഓരോ കാര്യങ്ങളും സിസിടിവി വഴി അമ്മായിയപ്പൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതും, ശാലു രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കുന്നതിനെ വിലക്കിയിരുന്നതും കുടുംബത്തിൽ നിരന്തര സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും സ്വന്തം ആവശ്യങ്ങൾക്കും വീട്ടുചെലവുകൾക്കുമായി അമ്മായിയപ്പനോട് കൈനീട്ടേണ്ടി വന്നതും ശാലുവിൽ കടുത്ത മാനസിക സംഘർഷമുണ്ടാക്കി. ജൂലൈ 28-ന് പാർട്ടി കഴിഞ്ഞ് വൈകിയെത്തിയ ശാലുവുമായി വിനീത് രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമ്മായിയപ്പനെ വകവരുത്താൻ ശാലു ഗൂഢാലോചന നടത്തിയത്.
മുൻ ജീവനക്കാരനായ വിശാലിന് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്തായിരുന്നു ക്വട്ടേഷൻ. സെപ്റ്റംബർ 6-ന് രണ്ട് ലക്ഷം രൂപ മുൻകൂറായി നൽകുകയും ബാക്കി തുക 15 ദിവസത്തിനകം നൽകാമെന്നും ഉറപ്പുനൽകി. അപ്പാർട്ട്മെന്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ വിശാലിന് കൈമാറിയ ശാലു, ജന്മാഷ്ടമി ദിനമായ സെപ്റ്റംബർ 4-ന് സാധനങ്ങൾ നൽകാനെന്ന വ്യാജേന അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പദ്ധതിക്ക് അന്തിമരൂപം നൽകുകയായിരുന്നു.
ശനിയാഴ്ച രാത്രി ശാലു ഭർത്താവ് സുബ്രതിനും കുട്ടിക്കുമൊപ്പം പാർട്ടിക്ക് പോയ സമയത്താണ് വിശാലും കൂട്ടുകാരൻ രാജ് കിഷോറും അപ്പാർട്ട്മെന്റിലെത്തിയത്. സെക്യൂരിറ്റി ഗാർഡ് തടഞ്ഞെങ്കിലും, ഇവർ മരുന്നുകൾ എത്തിക്കാൻ വന്നതാണെന്ന് ശാലു ഫോണിലൂടെ നിർദ്ദേശം നൽകി ഇവരെ അകത്തേക്ക് കടത്തിവിട്ടു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തി തീർക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും, മിനോച്ച പ്രതിരോധിച്ചതോടെ ഇരുവരും കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ 26-ഓളം കുത്തേറ്റ മിനോച്ച സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെ പാർട്ടി കഴിഞ്ഞ് ശാലുവും ഭർത്താവും തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. പോലീസിന്റെ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ മരുമകളുടെ ക്വട്ടേഷൻ കഥ പുറത്തുവന്നത്.












