പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉത്പാദനത്തിന് ഇന്ത്യയും വിയറ്റ്നാമും ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വ്യാപിപ്പിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള 19-ാമത് ഇന്ത്യ-വിയറ്റ്നാം ജോയിന്റ് കമ്മീഷൻ യോഗം ഡൽഹിയിൽ സമാപിച്ചു.
വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിയറ്റ്നാം വിദേശകാര്യ മന്ത്രി ലെ ഹോായ് തുപാുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യ-വിയറ്റ്നാം വിപുലമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ കീഴിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരു മന്ത്രിമാരും യോഗത്തിൽ അവലോകനം ചെയ്യുകയും കൂടുതൽ സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്തുകയും ചെയ്തു.
പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ വ്യോമ കണക്റ്റിവിറ്റി, ആണവോർജ്ജം, ബഹിരാകാശ മേഖല എന്നിവയിലും സഹകരണം വ്യാപിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്. സുപ്രധാനമായ ഈ നയതന്ത്ര ചർച്ചകൾ ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള നയബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പര സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








