കർണാടക സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മറ്റ് വിവിധ സംസ്ഥാനങ്ങളും അമേരിക്ക പോലുള്ള ലോകരാഷ്ട്രങ്ങളും അനുകരിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ് ഓഫീസിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ കർണാടകയിലെ പദ്ധതികൾ അതേ മാതൃകയിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 5,000 ഡോളർ സഹായം നൽകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനവും കോൺഗ്രസിന്റെ ക്ഷേമ പദ്ധതികളുടെ ചുവടുപിടിച്ചുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങൾ നടപ്പാക്കുന്ന ജനക്ഷേമ മാതൃകകളെയാണ് മറ്റ് സർക്കാരുകൾ ഇപ്പോൾ കോപ്പിയടിക്കുന്നതെന്നും, ഇത് കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം മുഴുവൻ ഇന്ത്യൻ ഭരണഘടനയെയും കോൺഗ്രസിന്റെ ഭരണരീതികളെയുമാണ് ഉറ്റുനോക്കുന്നതെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.









