അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.സി.സി.ഐ. ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. സിംബാബ്‌വെയ്ക്കെതിരായ ഇന്ത്യയുടെ കഴിഞ്ഞ ടി20 പരമ്പരയിൽ ‘മാൻ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ട താരത്തെ മാറ്റിനിർത്തിയത് വലിയ അബദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സൂര്യവംശിക്ക് പകരം ടീമിലെത്തിയ സഞ്ജു സാംസൺ പത്ത് റൺസിന് പുറത്താവുകയും ചെയ്തതോടെ ഈ തീരുമാനം ഏറെ ചർച്ചയായിരിക്കുകയാണ്. സൂര്യവംശിയോട് ടീം മാനേജ്മെന്റ് പെരുമാറുന്ന രീതി ശരിയല്ലെന്നും, ഇത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ശ്രീകാന്ത് വ്യക്തമാക്കുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ശ്രീകാന്ത് ഇക്കാര്യങ്ങൾ തുറന്നടിച്ചതത്. സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇല്ലാത്തത് കണ്ട് തന്റെ ഭാര്യ പോലും അമ്പരന്നുപോയെന്നും കഴിഞ്ഞ പരമ്പരയിലെ മികച്ച താരത്തെ പുറത്തിരുത്തിയതിനെക്കുറിച്ച് അവർ ചോദ്യങ്ങൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ റൺസ് കണ്ടെത്താനായില്ലെങ്കിൽ തന്നെ വീണ്ടും പുറത്താക്കുമോ എന്ന ആശങ്കയാകും ആ കുട്ടിക്ക് ഉണ്ടാകുകയെന്നും, ഇത് കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുലീപ് ട്രോഫി, ടി20 മത്സരങ്ങൾ, ഇന്ത്യ-എ ടീം, ഐ.പി.എൽ തുടങ്ങി എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് റൺസ് നേടിയ താരമാണ് സൂര്യവംശിയെന്നും, അദ്ദേഹത്തെയാണ് ടീം പ്രോത്സാഹിപ്പിക്കേണ്ടതെന്നും ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം സഞ്ജു സാംസണെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ശ്രീകാന്ത് രൂക്ഷമായ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നിട്ടും സഞ്ജുവിനെ ടീമിൽ സ്ഥിരമായി ഉൾപ്പെടുത്താതെ മാറിമാറി പരീക്ഷിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. സഞ്ജുവിനെ ഓർത്ത് തനിക്ക് സഹതാപം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു താരത്തിന് തുടർച്ചയായി അവസരങ്ങൾ നൽകി പിന്തുണയ്ക്കുകയോ അതല്ലെങ്കിൽ വൈഭവ് സൂര്യവംശിക്ക് കൃത്യമായ അവസരങ്ങൾ നൽകുകയോ ചെയ്യണം. എന്നാൽ ഇന്ത്യ വരുത്തുന്ന പ്രധാന തെറ്റ് ഇരുവർക്കും ഇടയ്ക്കിടെ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രം നൽകി കളിപ്പിക്കുന്നു എന്നതാണ്. ഇത് കളിക്കാരുടെ കരിയറിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു പരാജയപ്പെടുകയും വൈഭവ് സൂര്യവംശി പുറത്തിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ആർക്ക് അവസരം ലഭിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.












