വിമതരുടെ ശക്തമായ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയ്ക്ക് പിന്തുണ നൽകുന്നതിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയത് മിഡിൽ ഈസ്റ്റിൽ വലിയ ചർച്ചയാകുന്നു. തുർക്കിയും പാകിസ്ഥാനും സൗദി അറേബ്യയും ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ ‘മക്ക പ്രതിരോധ കരാറി’ന്റെ ആദ്യത്തെ വലിയ പരീക്ഷണ ഘട്ടത്തിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പിന്മാറ്റമുണ്ടായിരിക്കുന്നത്. അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാൽ അത് എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന കരാറിലെ വ്യവസ്ഥ പ്രകാരം പാകിസ്ഥാൻ സൗദിക്ക് സൈനിക സഹായം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, നിലവിൽ സൈനിക നടപടികളെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന നിലപാടിലാണ് ഇസ്ലാമാബാദ്.
സൗദിയുടെ കിഴക്കൻ-പടിഞ്ഞാറൻ എണ്ണക്കടത്തു പൈപ്പ്‌ലൈൻ തകർക്കുകയും ചെങ്കടലിന് സമീപമുള്ള നിർണ്ണായക ദ്വീപുകൾ പിടിച്ചെടുക്കുകയും ചെയ്ത ഹൂതികളുടെ മിന്നലാക്രമണങ്ങൾ സൗദി ഭരണകൂടത്തിന് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. സഖ്യകക്ഷിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ പാകിസ്ഥാൻ സഹായിക്കാതിരുന്നത് സൗദി നേതൃത്വത്തെയും നിരാശപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ നാശനവങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിക്കുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തെങ്കിലും, പാകിസ്ഥാന്റെ ഈ താമസിപ്പിച്ചുളള പ്രതികരണങ്ങൾ വിശ്വാസയോഗ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്നതും സ്വന്തം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളും കാരണം മറ്റൊരു യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ പാകിസ്ഥാൻ തയ്യാറാകാത്തതാണ് ഈ നിലപാടിലേക്ക് നയിച്ചത്.










