അഫ്ഗാനിസ്ഥാനിലൂടെയുള്ള യാത്രാമധ്യേ തോക്കുധാരികളായ അപരിചിതരുടെ കസ്റ്റഡിയിലായെന്ന അവകാശവാദവുമായി രംഗത്തെത്തിയ ഇന്ത്യൻ യാത്രാ വ്‌ലോഗർ അരുണിമ ഒടുവിൽ സുരക്ഷിതയായി മോചിതയായി. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനും ഭീതിക്കും ഒടുവിലാണ് അരുണിമയുടെ മോചനം സാധ്യമായത്. ട്രെക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്രാ ചെയ്യവേ രാത്രി ഏഴുമണിയോടെയാണ് അരുണിമ ബാമിയാൻ പ്രദേശത്ത് എത്തിച്ചേർന്നത്. രാത്രികാലങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കർശനമായി വിലക്കുന്ന പ്രാദേശിക നിയമങ്ങളുള്ള സ്ഥലമാണിത്. ഇരുട്ടിൽ വണ്ടിയിൽ നിന്നിറങ്ങിയ ഉടൻ തന്നെ പ്രദേശവാസികളും അധികാരികളും അവളുടെ അരികിലേക്ക് എത്തുകയായിരുന്നു. പാസ്‌പോർട്ടും വിസയും പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ യാത്രാനുമതിപത്രം ആവശ്യപ്പെട്ടെങ്കിലും അരുണിമയുടെ കൈവശം അതുണ്ടായിരുന്നില്ല.
ജലാലാബാദിൽ വെച്ച് പെർമിറ്റിനായി ശ്രമിച്ചെങ്കിലും പുരുഷ തുണയോ (മഹ്റം) ഔദ്യോഗിക ഗൈഡോ ഇല്ലാതെ എത്തിയതുകാരണം അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് അവർ വിശദീകരിച്ചു. കാബൂളിനും ബാമിയാനുമിടയിലെ മുൻ ചെക്ക്‌പോസ്റ്റുകൾ കടന്നുപോകാൻ ജർമ്മനിയിൽ നിന്നുള്ള ഒരു സുഹൃത്തിനൊപ്പമാണ് താനെന്ന കള്ളം പറയാൻ അവൾ നിർബന്ധിതയായിത്തീർന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അരുണിമ തനിക്ക് നേരിടേണ്ടിവന്ന ഭീകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ട്രെക്കിൽ കയറി ബാമിയാനിൽ എത്തുമ്പോൾ സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. വാഹനം വിട്ടിറങ്ങിയ നിമിഷം മുതൽ ആളുകൾ തന്റെ അടുത്തേക്ക് വരാൻ തുടങ്ങി. പ്രാദേശിക നിയമപ്രകാരം രാത്രികാലങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പാടില്ലാത്തതായിരുന്നു കാരണം. താൻ താമസിച്ച ഹാട്രിക് ഹാളിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടയിലാണ് രണ്ട് പുരുഷന്മാർ മൊഴിമാറ്റ ആപ്പിലൂടെ തന്നെ ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്തത്. ആഗസ്റ്റ് 27-ന് അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചതുമുതൽ താൻ ഒറ്റയ്ക്കാണ് രാജ്യത്തുടനീളം യാത്ര ചെയ്തതെന്ന് വിസ പരിശോധിച്ച അവർക്ക് മനസ്സിലായി. നിയമലംഘനം നടത്തിയെന്നും തന്നെ ഉടൻ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നും അവർ അറിയിച്ചതോടെ താൻ പരിഭ്രാന്തയായി പോയെന്ന് അരുണിമ പറയുന്നു.
തുടർന്ന് അന്ന് വൈകുന്നേരം തന്നെ സഹായിച്ച ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരു പ്രാദേശിക വ്യക്തിയെ അരുണിമ ബന്ധപ്പെടുകയായിരുന്നു. അധികാരികൾ അയ്യായിരം അഫ്ഘാനി പിഴയൊടുക്കാനും പെർമിറ്റ് എടുക്കാനും ഔദ്യോഗിക ഗൈഡിനെ നിയമിക്കാനും ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമാണ് തനിക്ക് വേണ്ടി ചർച്ചകൾ നടത്തിയത്. തന്നെ ഉടൻ തന്നെ ഉസ്ബെക്കിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കണമെന്ന് അരുണിമ അഭ്യർത്ഥിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ പെർമിറ്റ് എടുക്കാതെ തന്നെ അതിർത്തിയിലേക്ക് യാത്ര തിരിക്കാൻ അധികൃതർ ഒടുവിൽ സമ്മതം മൂളി. ആ വ്യക്തി എത്തുന്നതുവരെ തന്റെ ഹൃദയം വേഗത്തിലാണ് മിടിച്ചിരുന്നതെന്നും, താൻ പൂർണ്ണമായി മരവിച്ചുപോയെന്നും അരുണിമ കുറിച്ചു.
താൻ എന്ത് പറഞ്ഞാലും നിയമം ലംഘിച്ചുവെന്ന് മാത്രമാണ് അവർ ആവർത്തിച്ചുകൊണ്ടിരുന്നത്. ആ മനുഷ്യൻ വന്ന് കാര്യങ്ങൾ ഇംഗ്ലീഷിൽ വിശദീകരിച്ചെങ്കിലും അവർ ആദ്യം വഴങ്ങിയിരുന്നില്ല. പെർമിറ്റിനായി പതിനായിരം അഫ്ഘാനിയും ഗൈഡിനായി കൂടുതൽ പണവും അവർ ആവശ്യപ്പെട്ടു. താൻ ഇനി അഫ്ഗാനിസ്ഥാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉസ്ബെക്കിസ്ഥാനിലേക്ക് ഉടൻ തിരിക്കുകയാണെന്നും താൻ അവരോട് കരഞ്ഞുപറഞ്ഞു. തടസ്സങ്ങളില്ലാതെ പോകണമെങ്കിൽ പണം നൽകണമെന്ന് അവർ വാശിപിടിച്ചെങ്കിലും, ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷം പെർമിറ്റ് ഇല്ലാതെ തന്നെ അടുത്ത രാജ്യത്തേക്ക് പോകാൻ അവർ അനുവാദം നൽകുകയായിരുന്നുവെന്ന് അരുണിമ പറഞ്ഞു. സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്രാവകാശമില്ലാത്ത ഒരു രാജ്യത്ത് ഒരു പെൺകുട്ടി തനിച്ചു യാത്ര ചെയ്തു എന്നത് മാത്രമായിരുന്നു താൻ ചെയ്ത കുറ്റമെന്നും അവർ കൂട്ടിച്ചേർത്തു.









