ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാകുന്നു. ഉച്ചകോടിക്ക് ശേഷം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ദൃശ്യങ്ങളും ചിത്രങ്ങളും ഒപ്പം നൽകിയ പ്രശസ്തമായ ബോളിവുഡ് ഗാനങ്ങളുമാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.
ഭാരത് മണ്ഡപത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഷാരൂഖ് ഖാനും കാജോളും അഭിനയിച്ച എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന സിനിമയിലെ ‘തുജെ ദേഖാ തോ യെ ജാനാ സനം’ എന്ന പ്രശസ്തമായ ഗാനമാണ് ഈ ദൃശ്യങ്ങൾക്കായി അദ്ദേഹം തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി മോദിയുമൊത്തുള്ള മറ്റൊരു ചിത്രത്തിനായി ‘ദിൽ തോ പാഗൽ ഹൈ’ എന്ന ചിത്രത്തിലെ ഗാനവും, ഷാരൂഖ് ഖാൻ-ജൂഹി ചാവ്ല കൂട്ടുകെട്ടിന്റെ ‘ഫിർ ഭി ദിൽ ഹൈ ഹിന്ദുസ്ഥാനി’യിലെ ‘ഐ ആം ദി ബെസ്റ്റ്’ എന്ന പാട്ടുമാണ് അദ്ദേഹം ഉപയോഗിച്ചത്. ഉച്ചകോടിയുടെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം കേരളം സന്ദർശിച്ച അൻവർ ഇബ്രാഹിം മുഫ്തി ഉൾപ്പെടെയുള്ള പ്രമുഖരെ കാണുകയും ഏകദേശം രണ്ടായിരത്തോളം വരുന്ന കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു.
കൂടാതെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ മനോഹരമായി അടയാളപ്പെടുത്തുന്ന വീർ-സാര സിനിമയിലെ ‘ഐസാ ദേശ് ഹൈ മേരാ’ എന്ന ഗാനമാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾക്ക് അദ്ദേഹം പശ്ചാത്തലമായി നൽകിയത്. ലോക നേതാക്കൾക്കൊപ്പം നയതന്ത്ര ചർച്ചകളിൽ സജീവമാകുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരത്തോടുള്ള തന്റെ സ്നേഹം കൂടിയാണ് ബോളിവുഡ് ഗാനങ്ങളിലൂടെ മലേഷ്യൻ പ്രധാനമന്ത്രി പങ്കുവെച്ചത്.










