കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജി പങ്കുവെച്ച നിഗൂഢവും ശക്തവുമായ സോഷ്യൽ മീഡിയ പോസ്റ്റ് ഭാരതീയ രാഷ്ട്രീയത്തിൽ വലിയ തരംഗമാകുന്നു. സ്വന്തം മുഖത്തിന്റെ പകുതി മാത്രം കാണിക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ച വാക്കുകളാണ് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും അണികൾക്കിടയിലും വലിയ ചർച്ചയാകുന്നത്. ആരുടെയും സഹതാപം ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയ ശത്രുക്കൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് മുപ്പത്തെട്ടുകാരനായ ഈ തൃണമൂൽ നേതാവ് നൽകുന്നത്.
“എന്റെ മുഖത്തെ ഈ തഴമ്പ് ഞാൻ എന്തൊക്കെ കടന്നുപോയി എന്ന് നിങ്ങളോട് പറയും; എന്നാൽ എന്റെ കണ്ണുകൾ പറയും ഞാൻ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന്!” – ഇതായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം അഭിഷേക് കുറിച്ചത്. കണ്ണിന് താഴെ ചുവന്ന പാടുകളും ഉറച്ച നോട്ടവുമുള്ള മുഖത്തിന്റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അന്വേഷണ ഏജൻസികളുടെ തുടർച്ചയായ നോട്ടീസുകൾ, ഓഫീസുകൾക്ക് നേരെ നടന്ന അക്രമങ്ങൾ, വധശ്രമങ്ങൾ ഉൾപ്പെടെയുള്ള കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഈ രാഷ്ട്രീയ സന്ദേശം പുറത്തുവരുന്നത്.
കണ്ണിന്റെ തുടർചികിത്സയ്ക്കായി മൂന്ന് ആഴ്ചത്തേക്ക് വിദേശത്ത് പോകാൻ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി അഭിഷേക് ബാനർജിക്ക് അനുമതി നൽകിയത്. വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി ഏർപ്പെടുത്തിയ യാത്രാവിലക്ക് റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. നേരത്തെ ഹൈക്കോടതി വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് രണ്ടാം തവണയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ചികിത്സ പൂർത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അഭിഷേക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.









