ഗുരുഗ്രാമിലെ ഇന്ത്യ ടെക് ഹബ്ബിലെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ വെട്ടിക്കുറയ്ക്കലുമായി പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ്. ഗുഡ്ഗാവിലെ ഹബ്ബിലുള്ള മൊത്തം ജീവനക്കാരുടെ ഏകദേശം 50 ശതമാനത്തോളം പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ എന്നിവരാണ് തൊഴിൽ നഷ്ടപ്പെടുന്നവരിൽ പ്രധാനികൾ. ബിസിനസിന്റെ മാറുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി തങ്ങളുടെ പ്രവർത്തന മാതൃക മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനമെന്ന് അഡിഡാസ് വ്യക്തമാക്കി.
സെപ്റ്റംബർ 15-ന് നടന്ന ടൗൺഹാളിലാണ് ജീവനക്കാരെ പിരിച്ചുവിടൽ വിവരം ഔദ്യോഗികമായി അറിയിച്ചത്. ബാധിക്കപ്പെട്ട ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചിലർക്ക് അന്ന് തന്നെ എക്സിറ്റ് ലെറ്ററുകൾ ലഭിച്ചപ്പോൾ, മറ്റുചിലരോട് ഡിസംബർ വരെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഗ്ലോബൽ ടെക് ഹബ്ബുകളിലെ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും കമ്പനിക്കുള്ളിൽ മറ്റ് അവസരങ്ങൾ തേടാനുമാണ് ഈ വിഭാഗത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്
. ഡിസംബർ 15നകം മറ്റ് വേഷങ്ങൾ കണ്ടെത്താനാകാത്ത ജീവനക്കാരുടെ അവസാന ജോലി ദിനം അന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രക്ഷുബ്ധമായ സാചര്യങ്ങളിൽ ജീവനക്കാർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ ഓഫീസിൽ മാർക്കറ്റിംഗ് വിഭാഗത്തിന് പുറമെ ഗ്ലോബൽ എൻജിനീയറിങ് ടെക് ഹബ്ബും പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ചെന്നൈയിൽ ഗ്ലോബൽ ബിസിനസ് സർവീസസ് സെന്റർ തുറന്നുകൊണ്ട് കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു.








