അഭിഷേക് ശർമ്മയും സഞ്ജു സാംസണും തന്നെ ഇന്ത്യയുടെ T20 ഓപ്പണിംഗ് ജോഡിയായി അടുത്ത 10 മത്സരങ്ങളിലും തുടരണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ഇടയ്ക്കിടെ താരങ്ങളെ മാറ്റുന്ന രീതി ഒഴിവാക്കി ടീം മാനേജ്മെന്റ് സെലക്ഷനിൽ സ്ഥിരത പുലർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അഫ്ഗാനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ നേടിയ അർദ്ധശതകത്തിന്റെ മികവിൽ താരം ടീമിൽ തുടരാൻ അർഹനാണെന്നും ബദ്രിനാഥ് വ്യക്തമാക്കി.
അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ 32 പന്തിൽ 82 റൺസ് വാരിക്കൂട്ടിയ അഭിഷേക് ശർമ്മ തന്റെ സ്ഥാനം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 15 കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് സ്വന്തം അവസരത്തിനായി കാത്തിരിക്കാമെന്നും, എന്നാൽ സഞ്ജുവിനെ തുടർച്ചയായി മാറ്റിനിർത്തുന്നത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകകപ്പ് നേടികൊടുത്ത സഞ്ജുവിന് ഈ വർഷം അവസാനം വരെ നീളുന്ന വ്യക്തമായ അവസരങ്ങൾ നൽകണമെന്നും, അതിനുശേഷമേ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും ബദ്രിനാഥ് അഭിപ്രായപ്പെട്ടു. അഫ്ഗാനെതിരായ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.












