പാകിസ്താന്റെ ഭീകരവാദ അനുകൂല നയങ്ങൾക്കെതിരെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ (യു.എൻ.എസ്.സി) അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ഭീകരന്മാരിൽ പലരും വിജനമായ കുന്നിൻനിരകളിലല്ല, മറിച്ച് പാകിസ്താനിലെ ജനവാസ മേഖലകളിലും നഗരഹൃദയങ്ങളിലുമാണ് സുരക്ഷിത താവളങ്ങൾ കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യ ഓർമ്മിപ്പിച്ചു. അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ളവരുടെ ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇന്ത്യ പാകിസ്താന്റെ വിനാശകരമായ മുഖം തുറന്നുകാട്ടിയത്.
സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ നീതിയിൽ നിന്ന് തപ്പിയോടിയത് ഏതെങ്കിലും നിയമവാഴ്ചയില്ലാത്ത അതിർത്തികളിലേക്കല്ലെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി യു.എന്നിൽ ചൂണ്ടിക്കാട്ടി. ആക്രമണത്തിന് പണം നൽകുകയും നിർദ്ദേശം നൽകുകയും ചെയ്ത ഉസാമ ബിൻ ലാദനെ വധിച്ചത് പാകിസ്താനിലെ അബട്ടാബാദിലെ സുരക്ഷിതമായ സൈനിക മേഖലയോട് ചേർന്നുള്ള സങ്കേതത്തിൽ വെച്ചാണ്. ഇതിനുപുറമെ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, റംസി ബിനൽഷൈബ്, വലീദ് ബിൻ അത്താഷ്, മുസ്തഫ അഹമ്മദ് അൽ-ഹൗസാവി തുടങ്ങിയ പ്രമുഖ ഭീകരരെല്ലാം പാകിസ്താന്റെ മണ്ണിലെ നഗരപ്രദേശങ്ങളിൽ നിന്നാണ് പിടിക്കപ്പെട്ടത്.
ബിൻ ലാദന് താവളമൊരുക്കിയ അതേ അന്തരീക്ഷമാണ് ഇന്ന് ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്കും പാകിസ്താൻ നൽകുന്നതെന്ന് ഇന്ത്യ തുറന്നടിച്ചു. യു.എന്നിന്റെ ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പുതിയ പേരുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഭീകരസംഘടനകൾക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സുരക്ഷിത താവളങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും, ഇനി ഒരു രാജ്യത്തിനും സ്വന്തം പൗരന്മാരുടെ ജീവൻ ഭീകരവാദം മൂലം നഷ്ടപ്പെടരുതെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.










