ആലപ്പുഴ: വിവിധ കാരണങ്ങളാൽ പാർട്ടി വിട്ടുപോയവരെ തിരികെ സി.പി.എമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി വിമതരായി മത്സരിക്കാൻ പോയവരുടെ വിഷയം വ്യത്യസ്തമാണെന്നും, എന്നാൽ അവർ തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിച്ച് തെറ്റ് തിരുത്തി തിരികെ വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ ആ സമയത്ത് പാർട്ടി അത് കൃത്യമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി വിട്ടുപോയ പലരും തങ്ങൾ ചെയ്തത് ശരിയല്ലെന്ന് പിന്നീട് സ്വയം ബോധ്യപ്പെട്ട് തിരികെ വരികയും സഹകരിക്കുകയും ചെയ്ത വലിയ ചരിത്ര അനുഭവങ്ങൾ സി.പി.എമ്മിനുണ്ടെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. പാർട്ടി വിട്ട കെ.ആർ. ഗൗരിയമ്മ തന്റെ അവസാനകാലത്ത് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിച്ചതും, പാർട്ടിയിൽ നിന്ന് അകന്ന എം.വി. രാഘവൻ പിന്നീട് വീണ്ടും തിരികെ വന്ന് സഹകരണത്തിന് തയ്യാറായതും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്.
പാർട്ടിയുടെ സംഘടനാ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പുതിയ അനുഭാവി ഗ്രൂപ്പുകൾ രൂപീകരിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിലൂടെ പരമാവധി ആളുകളെ പാർട്ടിയുമായി അടുപ്പിക്കാനും ബഹുജന അടിത്തറ കൂടുതൽ ശക്തമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എം.എ. ബേബി പാർട്ടിയുടെ നയം വ്യക്തമാക്കിയത്.











