സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യൻ വ്യോമസേനയ്ക്കും പവൻ ഹാൻസ് ലിമിറ്റഡിനും കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലും ബെംഗളൂരുവിലുമായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും. കേരളത്തിലെ സന്ദർശനത്തിന് ശേഷം പ്രതിരോധ സംബന്ധമായ പരിപാടികൾക്കായി അദ്ദേഹം കർണാടകയിലേക്ക് തിരിക്കും. ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ എൽ.സി.എ തേജസ് എഫ്.ഒ.സി ട്വിൻ സീറ്റർ ട്രെയിനറുകളും എച്ച്.ടി.ടി-40 അടിസ്ഥാന പരിശീലന വിമാനങ്ങളും വ്യോമസേനയ്ക്ക് കൈമാറുന്നതിനൊപ്പം ധ്രുവ് എൻ.ജി ഹെലികോപ്റ്ററുകൾ പവൻ ഹാൻസ് ലിമിറ്റഡിനും കൈമാറും.
ഇന്ത്യയുടെ പ്രതിരോധ-വ്യോമയാന മേഖലകളിലെ ആത്മനിർഭരത ലക്ഷ്യമാക്കിയുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ കൈമാറ്റത്തെ വിലയിരുത്തുന്നത്. രാജ്യത്തിന്റെ ആഭ്യന്തര വ്യോമയാന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെയും (എച്ച്.എ.എൽ) വ്യവസായ പങ്കാളികളുടെയും സംഭാവനകളെ ഈ ചടഞ്ഞ് എടുത്തുപറയുന്നു. സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കും അനുയോജ്യമായ ആധുനിക പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള തദ്ദേശീയ വ്യവസായങ്ങളുടെ വളരുന്ന ശേഷിയാണ് ഇത് വ്യക്തമാക്കുന്നത്.
വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പ്രതിരോധ മേഖലയിൽ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് (എഫ്.ഒ.സി) നിലവാരത്തിലാണ് പുതിയ തേജസ് പരിശീലന വിമാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആധുനിക സവിശേഷതകളോടെയുള്ള തേജസ് വിമാനങ്ങൾ കര-നാവിക പ്രവർത്തനങ്ങൾക്കും അതിവേഗ ആക്രമണങ്ങൾക്കും സജ്ജമായ 4.5 ജനറേഷൻ മൾട്ടി-റോൾ യുദ്ധവിമാനങ്ങളാണ്.









