ഒരേ തസ്തികയിൽ ജോലി ചെയ്യുന്നു എന്ന കാരണത്താൽ മാത്രം ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വം യാന്ത്രികമായി നടപ്പാക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജീവനക്കാരുടെ പ്രവൃത്തിപരിചയം, നിയമന രീതി, വിദ്യാഭ്യാസ യോഗ്യത, ഉത്തരവാദിത്തങ്ങൾ എന്നിവയിലുള്ള വ്യത്യാസം വ്യത്യസ്ത ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിന് സാധുവായ അടിസ്ഥാനമാണെന്ന് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകരുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്. നേരിട്ട് നിയമനം ലഭിച്ചവരും (ഡയറക്ട് റിക്രൂട്ട്) പ്രൊമോഷൻ വഴി വന്നവരും തമ്മിൽ സർവീസിലും പ്രവൃത്തിപരിചയത്തിലും വ്യക്തമായ വ്യത്യാസമുണ്ട്. മുൻപ് സേവനം അനുഷ്ഠിച്ച് പരിചയസമ്പത്തുള്ള പ്രൊമോഷൻ അധ്യാപകരെയും പുതുതായി ജോലിയിൽ പ്രവേശിച്ച ഡയറക്ട് റിക്രൂട്ടുകളെയും ഒരേ തട്ടിൽ അളക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേവലം ജോലി സ്വഭാവത്തിൽ സാമ്യമുള്ളതുകൊണ്ട് മാത്രം തുല്യ ശമ്പളം അവകാശപ്പെടാനാകില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ ജോലി തസ്തികകളുടെ സാമ്യം മാത്രം നോക്കി തുല്യ വേതനം അനുവദിച്ചിരുന്നെങ്കിൽ, നിലവിൽ അത് സർവീസ് ചട്ടങ്ങളെയും ജീവനക്കാരുടെ പ്രവൃത്തിപരിചയത്തെയും മുൻനിർത്തിയുള്ള കർശനമായ മാനദണ്ഡങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും മുൻകാല വിധികൾ ഉദ്ധരിച്ച് പരമോന്നത കോടതി വ്യക്തമാക്കി. തൊഴിൽ-സർവീസ് മേഖലകളിൽ വലിയ ചലനമുണ്ടാക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ പുതിയ നിർണ്ണായക വിധി.










