അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ വിജയം നേടി പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ മാതൃകാപരമായ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും (34 പന്തിൽ 108) സഞ്ജു സാംസണിന്റെ അർദ്ധസെഞ്ചുറിയുടെയും (35 പന്തിൽ 50) കരുത്തിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിനിടയിൽ ഇന്ത്യയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ ‘ബുൾയിങ്’ (Bullying) എന്ന വാക്ക് ഉപയോഗിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ അത് ഉടൻ തന്നെ തിരുത്താൻ തയ്യാറായി. എതിരാളികളോട് തികഞ്ഞ ബഹുമാനം പ്രകടിപ്പിച്ച ശ്രേയസ് അയ്യർ, ഇന്ത്യയുടെ വിജയം ബുൾയിങ് ആണെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ അഫ്ഗാൻ ടീം ഇന്ത്യയിലേക്ക് വന്ന് പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചതിനെ മാനിക്കുന്നുവെന്നും വ്യക്തമാക്കി.
അവരുടെ പ്രകടനം അഭിനന്ദനാർഹമാണെന്നും പിച്ചിലെ ബുദ്ധിമുട്ടുകൾക്കിടയിലും അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോസിന് മുൻപ് അഫ്ഗാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ ആദ്യം ബാറ്റ് ചെയ്യുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. പരമ്പര തൂത്തുവാരിയ ആവേശത്തിനൊടുവിൽ ഇരു ടീമുകളും ഇനി അചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് തിരിക്കും.












