ഡി.എം.കെ.യുടെ മുതിർന്ന നേതാവും ലോക്‌സഭാംഗവുമായ കനിമൊഴി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊൽക്കത്തയിലെ കാളികാട്ടിലുള്ള മമതയുടെ വസതിയിലായിരുന്നു ഈ നിർണായക കൂടിക്കാഴ്ച. ഇരു നേതാക്കളും തമ്മിൽ അടച്ചിട്ട മുറിയിൽ വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതായി തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസുമായുള്ള ഡി.എം.കെ.യുടെ ബന്ധത്തിൽ ഉലച്ചിലുകൾ നേരിടുന്നതിനിടയിലും, ഇൻഡ്യ (INDIA) മുന്നണിയിലെ പ്രാദേശിക കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാനങ്ങൾ നിലനിൽക്കുന്ന വേളയിലുമാണ് കനിമൊഴിയുടെ ഈ സന്ദർശനം ശ്രദ്ധേയമാകുന്നത്. ഇതിന് മുൻപ് ഉദ്ധവ് താക്കറെയുമായും ഡൽഹിയിൽ എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറുമായും കനിമൊഴി ചർച്ചകൾ നടത്തിയിരുന്നു. ദേശീയ തലത്തിൽ ഇൻഡി മുന്നണിയുടെ ഭാഗമാണെങ്കിലും തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ബന്ധം പശ്ചിമ ബംഗാളിൽ അത്ര സുഖകരമല്ല.
ഒക്ടോബർ 6-ൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇരുപാർട്ടികളും തമ്മിൽ വാഗ്വാദങ്ങൾ നിലവിലുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ.യും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ ഇൻഡി മുന്നണിയുടെ യോഗം ഡി.എം.കെ. ബഹിഷ്‌കരിക്കുകയും കോൺഗ്രസിനോട് കൂടുതൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതൃത്വമില്ലാത്ത ഒരു ബദൽ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമാണോ ഈ കൂടിക്കാഴ്ചകൾ എന്ന ചർച്ചകൾ സജീവമായിട്ടുണ്ടെങ്കിലും, പുതിയൊരു രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സൂചനകളൊന്നും ലഭ്യമായിട്ടില്ല.









