ഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ പുതിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി സുപ്രീം കോടതിയിലെത്തി. 9000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതോടൊപ്പം മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചതോടെയാണ് പുതിയ ഒത്തുതീര്‍പ്പു നിര്‍ദേശവുമായി രംഗത്തെത്തിയത്. 6868 കോടി തിരിച്ചടയ്ക്കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തേ 4400 കോടി തിരിച്ചടയ്ക്കാമെന്ന മല്യയുടെ വ്യവസ്ഥ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു.
എന്നാല്‍ ഇന്ത്യയിലേക്ക് വരുന്നതു സംബന്ധിച്ചു മല്യ ഒന്നും വ്യക്തമാക്കിയിട്ടില്ല. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കനത്ത നഷ്ടത്തിലാണ് അടച്ചു പൂട്ടിയതെന്നും അമിതമായി നികുതി ഏര്‍പ്പെടുത്തിയതും ഇന്ധന വില വര്‍ധിച്ചതും എയര്‍ക്രാഫ്റ്റ് എഞ്ചിന്റെ ഗുണമേന്മ ഇല്ലായ്മയും തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും 6,107 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായും വിജയ് മല്യ കോടതിയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഇത്രയും തുക മാത്രമാണ് തന്നെ കൊണ്ട് മടക്കി അടയ്ക്കാന്‍ സാധിക്കുകയെന്നാണ് മല്യയുടെ വാദം.
ഓവറോള്‍ സെറ്റില്‍മെന്റ് എന്ന നിലയിലാണ് പുതിയ ഓഫര്‍ മല്യ മുന്നോട്ട് വെച്ചിരിക്കുന്നത്. സീല്‍ ചെയ്ത കവറില്‍ ഇന്ത്യയിലേയും പുറത്തേയും സ്വത്ത് വിവരങ്ങളും കോടതിക്ക് കൈമാറി. എന്‍ആര്‍ഐ എന്ന് സ്വയം വിശേഷിപ്പിച്ച മല്യ നോണ്‍ റസിഡന്റ് ഇന്ത്യന്റെ ഇന്ത്യക്ക് വെളിയിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യതയുള്ള ആളല്ലെന്നും വ്യക്തമാക്കി. കടങ്ങള്‍ വീട്ടാന്‍ തയ്യാറാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തിയുള്ള നിലപാട് ശരിയല്ലെന്നും മല്യ കോടതിയെ അറിയിച്ചു.
Discussion about this post