മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) പദ്ധതിയുടെ പുനരവലോകിത ചെലവിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ, 2030-ഓടെ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയുള്ള തദ്ദേശീയ ബുളറ്റ് ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ജപ്പാന്റെ അടുത്ത തലമുറയിലുള്ള ഇ10 (E10) സീരീസ് ട്രെയിനുകളുടെ ഉൽപ്പാദനവുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന തരത്തിലുള്ള ബി35 (B35) ട്രെയിനുകളാണ് ഇന്ത്യ വികസിപ്പിക്കുന്നത്. പദ്ധതിയുടെ യഥാർത്ഥ ചെലവ് ഇരട്ടിയായി രണ്ട് ലക്ഷം കോടി കവിഞ്ഞതായാണ് കണക്കാക്കുന്നത്. നിലവിലുള്ള ഇ5 സീരീസ് ട്രെയിനുകളുടെ നിർമ്മാണം ജപ്പാൻ നിർത്തലാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സ്വന്തമായി ബി35 ട്രെയിനുകൾ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
തുടക്കത്തിൽ മുംബൈ-അഹമ്മദാബാദ് കോറിഡോറിൽ മണിക്കൂറിൽ 280 കിലോമീറ്റർ ഡിസൈൻ വേഗതയുള്ള ബി28 ട്രെയിനുകളായിരിക്കും സർവീസ് നടത്തുക. ഇതിനായി 32 ബി28 ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബി.ഇ.എം.എല്ലിന് (BEML) ലഭിച്ചിട്ടുണ്ട്. കൂടാതെ 15 അധിക ട്രെയിനുകൾ നിർമ്മിക്കുന്നതിനായുള്ള കരാറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2027-ന്റെ ആദ്യ പാതയിൽ ഇതിന്റെ പ്രോട്ടോടൈപ്പ് ട്രെയിനുകൾ ട്രയൽ റണ്ണിനായി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ സ്വന്തമായി ‘ഭാരത് ട്രെയിൻ കൺട്രോൾ സിസ്റ്റം’ (BTCS) വികസിപ്പിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിന്റെ നിർമ്മാണം 2030 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.








