സൗദി അറേബ്യയെ പിന്തുണച്ച് പാകിസ്ഥാനോ തുർക്കിയോ യെമനിലെ സൈനിക നീക്കങ്ങളിൽ പങ്കുചേർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നിവർ തമ്മിൽ 2026 ഓഗസ്റ്റിൽ ഒപ്പുവെച്ച മെക്ക സംയുക്ത പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിലാണ് ഹൂതികളുടെ ഈ പരാമർശം.
സൗദി നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളെ പിന്തുണച്ച് ഇസ്ലാമാബാദോ അങ്കാറയോ നേരിട്ട് സൈനിക ഇടപെടൽ നടത്തിയാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുതിർന്ന ഹൂതി ഔദ്യോഗിക പ്രതിനിധി മുഹമ്മദ് അൽ-ബുഖൈതി വ്യക്തമാക്കി. യെമൻ നിലവിൽ കർശനമായ പ്രതിരോധ നിലപാടിലാണ് കഴിയുന്നതെങ്കിലും, പാകിസ്ഥാൻ അല്ലെങ്കിൽ തുർക്കി സേന സൗദിക്കൊപ്പം ആക്രമണത്തിൽ പങ്കുചേർന്നാൽ ഹൂതി പ്രസ്ഥാനം ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യെമനിലെ ജനങ്ങളുടെ ദുരിതങ്ങളോട് പാകിസ്ഥാനിലെയും തുർക്കിയിലെയും പൊതുജനങ്ങൾ അനുഭാവം പുലർത്തുന്നുണ്ടെന്ന് അവകാശപ്പെട്ട ഹൂതി നേതൃത്വം, രണ്ട് രാജ്യങ്ങളും ഈ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഒരു അംഗരാജ്യത്തിന് നേരെയുള്ളാക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് മെക്ക പ്രതിരോധ കരാർ. എന്നാൽ നിലവിലെ സാഹചര്യത്തിൽ നയപരമായ നീക്കങ്ങളിലൂടെ സംഘർഷം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. ഇതിനിടയിലാണ് ഹൂതികളുടെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.








