ഇന്ത്യയും ജപ്പാനും തമ്മിലുള്ള സംയുക്ത വ്യോമാഭ്യാസ പ്രകടനമായ ‘വീർ ഗാർഡിയൻ 2026’-ൽ പങ്കെടുക്കാനെത്തിയ ജാപ്പനീസ് വ്യോമസേനാംഗങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ സഹകരണത്തെയും സൗഹൃദ മനോഭാവത്തെയും പ്രശംസിച്ചു. സെപ്റ്റംബർ 22 വരെ ജോധ്പൂർ വ്യോമസേനാ താവളത്തിൽ നടക്കുന്ന ഈ ഉഭയകക്ഷി വ്യോമാഭ്യാസത്തിൽ ജപ്പാന്റെ എഫ്-2 യുദ്ധവിമാനങ്ങളും 110 അംഗ സംഘവുമാണ് പങ്കെടുക്കുന്നത്.
പരിശീലനം മികച്ച അനുഭവമാണെന്നും ഇന്ത്യൻ സൈനികരുടെ സമീപനം വളരെ സ്നേഹപൂർണ്ണമാണെന്നും ജാപ്പനീസ് സൈനികർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ജപ്പാനിൽ ഇല്ലാത്ത യുദ്ധവിമാനങ്ങൾക്കൊപ്പം നേരിട്ട് പരിശീലനം നടത്താൻ സാധിച്ചതും തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിച്ചതായി അവർ വ്യക്തമാക്കി. പരിശീലനത്തിന് പുറമെ ഇന്ത്യയിലെ യോഗയും ഇന്ത്യൻ കറിയും തങ്ങളെ ഏറെ ആകർഷിച്ചതായും ജാപ്പനീസ് സംഘം പറഞ്ഞു.
ഇന്ത്യയുടെ തനിമയിലുള്ള യോഗ ആദ്യമായി അനുഭവിക്കാൻ കഴിഞ്ഞതിലും, അവിടുത്തെ രുചികരമായ കറിയുടെ പ്രത്യേകതകളെക്കുറിച്ചും അവർ വാചാലരായി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നതാണ് ഈ ചരിത്രപരമായ സംയുക്ത പരിശീലനം.








