ജോധ്പൂർ: ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമസേനാ അഭ്യാസമായ ‘വീർ ഗാർഡിയൻ-2026’ൽ ചരിത്ര നിമിഷം. ഇന്ത്യൻ വ്യോമസേനാ തലവൻ എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് (JASDF) ചീഫ് ഓഫ് സ്റ്റാഫ് ജനറൽ തകെഹിറോ മൊറിറ്റയും ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത പോർവിമാനമായ ലഘു യുദ്ധവിമാനം ‘തേജസിൽ’ (LCA Tejas) ഒരുമിച്ച് ആകാശത്തേക്ക് പറന്നുയർന്നു. രാജസ്ഥാനിലെ ജോധ്പൂർ വ്യോമസേനാ താവളത്തിലായിരുന്നു ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ പുതിയ നാഴികക്കല്ലായ ഈ നിർണ്ണായക സംഭവം നടന്നത്.
ഇന്ത്യൻ വ്യോമസേനയും ജപ്പാൻ വ്യോമസേനയും തമ്മിലുള്ള പ്രതിരോധ സഹകരണവും സൗഹൃദവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരു സേനാ മേധാവികളും തേജസ് വിമാനങ്ങളിൽ അഭ്യാസ പ്രകടനത്തിൽ പങ്കാളികളായത്. റഫാൽ, സുഖോയ്-30 എം.കെ.ഐ, തേജസ് തുടങ്ങി ഇന്ത്യയുടെ പ്രമുഖ പോർവിമാനങ്ങളെല്ലാം അഭ്യാസത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യമായാണ് ജപ്പാൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി ഇത്തരമൊരു കൂറ്റൻ സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുന്നത്.
ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഈ പ്രതിരോധ സഹകരണം ഏറെ നിർണ്ണായകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ജാപ്പനീസ് വ്യോമസേനയുടെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. രാജസ്ഥാനിലെ ആകാശ അതിർത്തികളിൽ നടന്ന ഈ വിസ്മയ പ്രകടനം ഏഷ്യൻ പ്രതിരോധ മേഖലയിൽ പുതിയൊരു ശക്തിസമവാക്യത്തിന് തുടക്കമിട്ടിരിക്കുകയാണ്.









