സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ പ്രദേശങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണം. മലയോര മേഖലകളിലേക്ക് രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാനും, നദികളിലും ജലാശയങ്ങളിലും ഇറങ്ങാതിരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.












