വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് നിലവിലെ മാനദണ്ഡമെന്ന് പാകിസ്ഥാൻ ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുകയാണെങ്കിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ പാകിസ്ഥാന് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കായി ജപ്പാനിലേക്ക് തിരിക്കുന്നതിന് മുന്നേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയാണ് നിലവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതെന്നും, അവരെ കളിയിൽ മറികടക്കുക എന്നതാണ് പാകിസ്ഥാന്റെ വെല്ലുവിളിയെന്നും ഹെസ്സൻ പറഞ്ഞു.
ഏഷ്യാ കപ്പ് ഫൈനലിൽ ചെയ്തതുപോലെ ഇന്ത്യക്കെതിരെ മികച്ച മത്സരം കാഴ്ചവെക്കാൻ തങ്ങൾ തയ്യാറെടുക്കുന്നുണ്ടെന്നും, എന്നാൽ ഫൈനലിനെക്കുറിച്ച് മാത്രം ചിന്തിച്ച് ഇപ്പോൾ മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ഘട്ടങ്ങൾക്കും ക്വാർട്ടർ ഫൈനലുകൾക്കും ശേഷം ഫൈനലിലോ വെങ്കല മെഡൽ പോരാട്ടത്തിലോ മാത്രമാണ് ഇരു ടീമുകൾക്കും പരസ്പരം ഏറ്റുമുട്ടാൻ അവസരമുള്ളത്. ഇന്ത്യ പൂർണ്ണശക്തിയുള്ള ടീമിനെ അണിനിരത്തുമ്പോൾ, അനുഭവസമ്പത്തുള്ള ചുരുക്കം ചില താരങ്ങളെയും റിസർവ് ബെഞ്ചിലുള്ള യുവതാരങ്ങളെയുമാണ് പാകിസ്ഥാൻ ഏഷ്യൻ ഗെയിംസിനായി തിരഞ്ഞെടുത്തത്.
ഏഷ്യൻ ഗെയിംസിനായുള്ള പാകിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി സാഹിബ്സദ ഫർഹാനെ നിയമിച്ചത് ദീർഘകാലത്തേക്കുള്ള ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടല്ലെന്നും, ഭാവി തീരുമാനിക്കുന്നത് സെലക്ഷൻ കമ്മിറ്റിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമാണെന്നും ഹെസ്സൻ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ടീം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞ 15 മാസത്തിനിടയിൽ ടി20 ഫോർമാറ്റിൽ പാകിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ ചുമതലയേറ്റ ശേഷം ഐ.സി.സി ടി20 റാങ്കിംഗിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും 30 റാങ്കിംഗ് പോയിന്റുകൾ നേടുകയും ചെയ്തിട്ടുണ്ടെന്നും, പാകിസ്ഥാനിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി നിരവധി പരമ്പരകൾ സ്വന്തമാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












