ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ, ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണെന്നും അന്ന് രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി. ഈ വർഷത്തെ ടി20 ലോകകപ്പ് വിജയത്തിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായ സഞ്ജുവിനെ, ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ഒഴിവാക്കേണ്ടി വന്നുവെന്നും പകരം കരിയറിലെ മികച്ച ഫോമിലായിരുന്ന കൗമാര താരം വൈഭവ് സൂര്യവംശിയെ മാഞ്ചസ്റ്ററിലെ ടി20 അരങ്ങേറ്റത്തിനായി ഉൾപ്പെടുത്തുകയായിരുന്നുവെന്നും ഗംഭീർ ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അഫ്ഗാനെതിരെയുള്ള 3-0 പരമ്പര ജയത്തോടെ സഞ്ജു വീണ്ടും പ്ലെയിങ് ഇലവനിൽ തിരിച്ചെത്തുകയും തുടർച്ചയായി അർദ്ധസെഞ്ച്വറികൾ നേടുകയും ചെയ്തു. സഞ്ജുവിനോട് താൻ ഈ വിഷയം വളരെ തുറന്ന് സംസാരിച്ചിരുന്നുവെന്നും, വൈഭവിന്റെ അന്നത്തെ മികച്ച ഫോമും മനിരയിൽ മികച്ചൊരു തുടക്കം ആവശ്യമായിരുന്നതുമാണ് ഈ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജു ഇത് വളരെ നല്ല രീതിയിലാണ് എടുത്തതെന്നും ഗംഭീർ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയോ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങളോ അല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത് എന്നും, വലിയ താരങ്ങൾ പോലും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ഗംഭീർ വ്യക്തമാക്കി. ജനപ്രിയ തീരുമാനങ്ങൾ എടുക്കുക എളുപ്പമാണെങ്കിലും ശരിയായ തീരുമാനങ്ങൾ എടുക്കുകയാണ് പ്രധാനം എന്ന് പറഞ്ഞ അദ്ദേഹം, സഞ്ജുവും അഭിഷേകും ഉൾപ്പെടെയുള്ള സ്ഥിരതയാർന്ന കൂട്ടായ്മയെ മൂന്നോ നാലോ മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ പെട്ടെന്ന് മാറ്റാനാവില്ലെന്നും പാഞ്ഞു.
ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സ്വാർത്ഥതയില്ലാത്ത നേതൃഗുണത്തെയും ഗംഭീർ പ്രശംസിച്ചു. 2024 ഐപിഎൽ കിരീട നേട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ടീമിന് വേണ്ടിയും ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷന് വേണ്ടിയും തന്റെ നാലാം നമ്പർ ബാറ്റിംഗ് സ്ഥാനം പോലും വിട്ടുകൊടുക്കാൻ തയ്യാറായ ശ്രേയസിന്റെ ഈ വലിയ മനസ്സ് അപൂർവ്വമാണെന്നും, ഒരു ക്യാപ്റ്റന് വേണ്ട ഏറ്റവും വലിയ ഗുണം ഈ നിസ്വാർത്ഥതയാണെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനവും ഫിറ്റ്‌നസും മാത്രമല്ല ഒരു ലീഡറെ നിർണ്ണയിക്കുന്നതെന്നും, നിസ്വാർത്ഥതയില്ലെങ്കിൽ മറ്റെല്ലാ കാര്യങ്ങളും നിസ്സാരമാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ഇന്ത്യൻ ടി20 നിരയിൽ ഒന്നോ രണ്ടോ മോശം പരമ്പരകളുടെ പേരിൽ പെട്ടെന്ന് യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാകേണ്ടതില്ലെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. ലോകകപ്പിന് ശേഷം തോൽവികളില്ലാതെ മുന്നേറിയ ടീമാണ് ഇന്ത്യയെന്നും, 17 വർഷങ്ങൾക്ക് ശേഷമല്ല മറിച്ച് 17 മാസങ്ങൾ കൊണ്ടാണ് ടീം അടുത്ത ലോകകപ്പ് നേടിയതെന്നും ഓർമ്മിപ്പിച്ച അദ്ദേഹം, ഒരു പരമ്പരയിലെ ചെറിയ വീഴ്ചകൾ കൊണ്ട് ഒരു കളിക്കാരനോ ടീമോ മോശമാകുന്നില്ലെന്നും കൂട്ടിച്ചേർത്തു












