ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി നടത്തിയത് ആസൂത്രിതമായ കൊലപാതക ശ്രമമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാർ വെളിപ്പെടുത്തി. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
പ്രാർത്ഥിക്കാനെന്ന പേരിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ ഹമ്മാമി, തൊട്ടടുത്ത നിമിഷം കോക്പിറ്റിലുണ്ടായിരുന്ന അടിയന്തര ആവശ്യങ്ങൾക്കുള്ള കോടാലിയെടുത്ത് സ്മിതിന്റെ തലയുടെ പിൻഭാഗത്ത് അതിശക്തമായി വെട്ടുകയായിരുന്നു. ആദ്യം വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും, തുടർച്ചയായ ആക്രമണത്തോടെയാണ് സഹപൈലറ്റ് തന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് സ്മിതിന് മനസ്സിലായത്.
ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലും സ്മിത് കാണിച്ച സമചിത്തതയും ധീരതയുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. കാഴ്ച മങ്ങുന്ന അവസ്ഥയിലും സർവ്വശക്തിയുമെടുത്ത് സ്മിത് കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ ക്യാബിൻ ക്രൂവും യാത്രക്കാരും അകത്തേക്ക് ഇരച്ചുകയറി അക്രമിയെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി നിലത്തിറക്കുകയും ചെയ്തു.
സ്വന്തം ജീവൻ അപകടത്തിലായിരിക്കുമ്പോഴും നൂറിലധികം യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സ്മിത് കാണിച്ച ധീരതയെ ആഗോളതലത്തിൽ വലിയ ആദരവോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മിതിനെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.











