ന്യൂയോർക്ക്: പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ കൃത്യമായ സൈനിക നടപടിയെ വിമർശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്ക് (Organization of Islamic Cooperation) ഐക്യരാഷ്ട്രസഭയിൽ കനത്ത മറുപടി നൽകി ഇന്ത്യ. യാഥാർത്ഥ്യവും ഭാവനയും തമ്മിലും, ആരാണ് ആക്രമണത്തിന്റെ ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് കഴിയുന്നില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. യു.എൻ പൊതുസഭയുടെ ആറാം കമ്മിറ്റി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘാംഗവും ബി.ജെ.പി എം.പിയുമായ ബിപ്ലവ് കുമാർ ദേബാണ് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ബിപ്ലവ് കുമാർ ദേബ് വ്യക്തമാക്കി. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലവും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ പരമാധികാരത്തിന് നേർക്കുണ്ടായ ആസൂത്രിത ആക്രമണമായിരുന്നു അത്. ഭീകരവാദത്തിൽ നല്ലതെന്നോ ചീത്തയെന്നോ ഉള്ള വേർതിരിവുകളില്ല. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും, ഒരു ആക്രമണം പോലും സഹിക്കാനാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ അദ്ദേഹം യു.എന്നിൽ എടുത്തുപറഞ്ഞു.
ജമ്മു കശ്മീരിനെക്കുറിച്ച് ഒ.ഐ.സി നടത്തിയ അനാവശ്യ പരാമർശങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇന്ത്യ, പാക് അധീന കശ്മീരിലെ റാവലാക്കോട്ടിൽ ജനങ്ങൾക്ക് നേരെ നടക്കുന്ന അടിച്ചമർത്തലുകളിലും അക്രമങ്ങളിലുമാണ് ഒ.ഐ.സി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. യു.എൻ പൊതുസഭയിലെ നയതന്ത്ര തലത്തിലുള്ള ഇന്ത്യയുടെ ഈ ശക്തമായ മറുപടി അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.












