ന്യൂഡൽഹി: കുട്ടികളുടെ പരിചരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പരമ്പരാഗത ചിന്താരീതിക്ക് മാറ്റം വരുത്താൻ നിർണ്ണായക ശുപാർശയുമായി ദേശീയ വനിതാ കമ്മീഷൻ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള 730 ദിവസത്തെ ശിശുപരിചരണ അവധി (Child Care Leave – CCL) മാതാപിതാക്കൾക്ക് പങ്കിട്ട് ഉപയോഗിക്കാനാകും വിധം ലിംഗനിഷ്പക്ഷമാക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഹംസാനന്ദിനി നന്ദൂരി കേസിൽ സുപ്രീം കോടതി നടത്തിയ നിർണ്ണായക ഇടപെടലിന് പിന്നാലെയാണ് വനിതാ കമ്മീഷൻ കേന്ദ്ര സർക്കാരിന് മുന്നിൽ ഈ ചരിത്രപരമായ ശുപാർശ വെച്ചിരിക്കുന്നത്.
നിലവിലുള്ള 730 ദിവസത്തെ അവധി 365 ദിവസങ്ങൾ വീതമായി അമ്മയ്ക്കും അച്ഛനും വീതിച്ചുനൽകാനാണ് പ്രധാന നിർദ്ദേശം. മാതാവും പിതാവും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ 730 ദിവസവും ഉൾപ്പെടുത്തി ഒരു പൊതു ലീവ് പൂൾ രൂപീകരിച്ച് ഇരുവർക്കും ആവശ്യാനുസരണം ഉപയോഗിക്കാൻ അവസരമൊരുക്കണം. പൂജ്യത്തിനും രണ്ട് വയസ്സിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യത്തിൽ പരിചരണത്തിന്റെ 60:40 എന്ന അനുപാതത്തിൽ മാതാവും പിതാവും പങ്കിട്ടെടുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. കൂടാതെ നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രം ലഭ്യമായ ഈ ആനുകൂല്യം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
മാതൃത്വം സ്ത്രീകളുടെ തൊഴിൽ ജീവിതത്തെയും കരിയർ വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നത് തടയാനും, കുട്ടികളുടെ വളർച്ചയിൽ പിതാക്കന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ നീക്കം. ഗർഭധാരണവുമായും പ്രസവവുമായും ബന്ധപ്പെട്ട പ്രസവാവധിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശിശുപരിചരണ അവധി കുട്ടികൾക്ക് 18 വയസ്സ് തികയുന്നത് വരെയാണ് അനുവദിക്കാറുള്ളത്. സ്വകാര്യ മേഖലയിലേക്കും ഈ സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നതോടെ കുടുംബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ രണ്ടുപേരിലുമായി തുല്യമായി വിഭജിക്കപ്പെടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.












