സാരിയുടെ മുന്താണികൊണ്ട് തല മറച്ച്, പാടത്തെ പണികൾക്കിടയിലും വീട്ടുജോലികൾക്കിടയിലും ലളിതമായ രീതിയിൽ ഇംഗ്ലീഷ് ക്ലാസുകളുമായി ഇന്റർനെറ്റ് കീഴടക്കിയ യശോദ ലോധിയെ ഏറ്റെടുത്ത് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യശോദയുടെ പ്രചോദനാത്മകമായ വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പ്രിയങ്ക പങ്കുവെച്ചതോടെ ഈ ഗ്രാമീണ അധ്യാപിക സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ തരംഗമായി മാറിയിരിക്കുകയാണ്. വലിയ ബിരുദങ്ങളോ വരേണ്യ പശ്ചാത്തലമോ ഇല്ലാതെ തന്നെ സ്വപ്നങ്ങൾ കീഴടക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ആളാണ് സോഷ്യൽ മീഡിയയിൽ ‘ദേഹാതി മാഡം’ എന്നറിയപ്പെടുന്ന യശോദ.
ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ സിരാതു എന്ന ചെറിയ ഗ്രാമത്തിലാണ് യശോദയുടെ ജനനം. കുഞ്ഞായിരുന്നപ്പോൾ തന്നെ വളർത്തച്ഛനും അമ്മയ്ക്കുമൊപ്പം പഞ്ചാബിലെ ലുധിയാനയിലേക്ക് മാറിയ ഇവർ പന്ത്രണ്ടാം ക്ലാസ് വരെയാണ് പഠിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം ഉന്നതപഠനം ഉപേക്ഷിക്കേണ്ടി വരികയും തുടന്ന് വിവാഹശേഷം പൂർണ്ണമായും കുടുംബത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ ജീവിതത്തിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്വന്തം കാലിൽ നിൽക്കണമെന്ന നിശ്ചയദാർഢ്യമാണ് യശോദയെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിലേക്ക് നയിച്ചത്.
കൈയ്യിലുള്ള സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് നാട്ടിൻപുറത്തെ പാടത്തും ചെറിയ മുറിയിലുമിരുന്ന് ഇംഗ്ലീഷ് സംസാര ശൈലികൾ ലളിതമായി പഠിപ്പിക്കുന്ന വീഡിയോകൾ ഇവർ പങ്കുവെച്ചു തുടങ്ങി. കേവലം ഏതാനും വർഷങ്ങൾക്കുള്ളിൽ നാല് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് യശോദയുടെ ചാനലിന് ഉണ്ടായത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ മടിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കാണ് ഈ ഗ്രാമീണ വനിത ഇന്ന് വലിയ പ്രചോദനമാകുന്നത്. പ്രിയങ്ക ചോപ്രയെപ്പോലൊരു ആഗോള താരം യശോദയുടെ പോരാട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് ഈ നാട്ടിൻപുറത്തുകാരിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറിയിരിക്കുകയാണ്.












