ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് രോഹിത് ശർമ്മയെത്തന്നെ നിലനിർത്തണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ അഭിപ്രായപ്പെട്ടു. 2025 ഒക്ടോബറിലാണ് സീനിയർ താരമായ രോഹിത്തിന് പകരം ശുഭ്മൻ ഗില്ലിനെ ഇന്ത്യയുടെ ഏകദിന നായകനായി മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയത്.
എന്നാൽ 2027 ഏകദിന ലോകകപ്പ് വരെ രോഹിതിനെ നായകസ്ഥാനത്ത് തുടരാൻ അനുവദിക്കണമായിരുന്നുവെന്നും ആ ലോകകപ്പിന് ശേഷം മാത്രം നായകസ്ഥാനം ഗില്ലിന് കൈമാറുന്നതായിരുന്നു അനുയോജ്യമെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ജാഫർ വ്യക്തമാക്കി. ഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും രോഹിതിനെപ്പോലൊരു പരിചയസമ്പന്നനായ താരം ലഭ്യമായിരിക്കുമ്പോൾ അദ്ദേഹത്തെത്തന്നെ ക്യാപ്റ്റനായി നിലനിർത്തുന്നതായിരുന്നു നല്ലതെന്നാണ് ജാഫർ ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടെ സമാപിച്ച വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മികച്ച ഫോമിലായിരുന്നു രോഹിത് ശർമ്മ. ആദ്യ മത്സരത്തിൽ 32 റൺസിന് പുറത്തായെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ 101, 92 എന്നിങ്ങനെ മികച്ച സ്കോറുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു.












