2027-ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിന ഫോർമാറ്റിൽ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ. മൂന്ന് ഫോർമാറ്റിലും ബുംറയെക്കാൾ വലിയൊരു ബൗളർ നിലവിലില്ലെന്നും, ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അദ്ദേഹം ഒരു “ലക്ഷ്വറി” (Luxury) ആണെന്നും മോഹിത് ശർമ്മ അഭിപ്രായപ്പെട്ടു.
വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കാത്തതുപോലെയാണ് ബുംറയുടെ കാര്യമെന്നും അദ്ദേഹം ഉപമിച്ചു. 2027 ലോകകപ്പ് ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ ഫിസിയോമാരുടെയും ട്രെയിനർമാരുടെയും മേൽനോട്ടത്തിൽ കൃത്യമായ വിശ്രമത്തോടെ കളിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്നും, ഓരോ പരമ്പരയിലും കളിച്ചില്ലെന്ന് പറഞ്ഞ് വിമർശിക്കുന്നതിൽ അർത്ഥമില്ലെന്നും മോഹിത് വ്യക്തമാക്കി.
അതേസമയം, നാല് വർഷത്തോളമായി ഇന്ത്യൻ ടീമിന് പുറത്തായിരുന്ന വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന്റെ ശക്തമായ തിരിച്ചുവരവിനെയും മോഹിത് ശർമ്മ പ്രശംസിച്ചു. ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിലൂടെ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭുവനേശ്വറിന്റെ കഠിനാധ്വാനവും സ്ഥിരതയും യുവതാരങ്ങൾക്ക് വലിയ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടീമിൽ ഇടം ലഭിക്കാത്തപ്പോഴും പരിശീലനം മുടക്കാതെ സ്വയം നൽകിയ വാഗ്ദാനം പാലിച്ചതിന്റെ ഫലമാണ് ഈ തിരിച്ചുവരവെന്നും, വരുന്ന പരമ്പരകളിൽ ഭുവനേശ്വറിന് മികച്ച രീതിയിൽ പന്തെറിയാൻ സാധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും മോഹിത് കൂട്ടിച്ചേർത്തു.











