വിദേർഭ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനും സെലക്ടർമാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ വേഗതാരം ഉമേഷ് യാദവ്. 2008 മുതൽ നീണ്ട 18 സീസണുകളിൽ വിദേർഭയ്ക്കായി പന്തെറിഞ്ഞ 38-കാരനായ ഉമേഷ്, വരാനിരിക്കുന്ന 2026-27 ആഭ്യന്തര സീസണിന് മുന്നോടിയായാണ് പഞ്ചാബ് ടീമിലേക്ക് മാറിയത്. 2024-ൽ അക്കിലിസ് ടെൻഡൺ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, തനിക്ക് പിന്തുണ നൽകുന്നതിന് പകരം ടീമിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണ് മാനേജ്‌മെന്റ് നടത്തിയതെന്ന് ഉമേഷ് വെളിപ്പെടുത്തി.
തിരിച്ചുവരവിൽ പ്രചോദനമാകാൻ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ചോദിച്ചിരുന്നെങ്കിലും അത് നിരസിക്കുകയും രണ്ട് മത്സരങ്ങൾക്ക് ശേഷം തന്നെ ബെഞ്ചിലിരുത്തുകയും ചെയ്തു. പിന്നീട് സെലക്ഷൻ മത്സരത്തിൽ 10 ഓവറുകൾ പൂർണ്ണമായി എറിഞ്ഞിട്ടും വിജയ് ഹസാരെ ട്രോഫിക്കുള്ള ഏകദിന ടീമിൽ നിന്നും തഴയപ്പെടുകയായിരുന്നു.
വിദേർഭ ടീമിലെ ആശയവിനിമയമില്ലായ്മയും അവഗണനയും തന്റെ കരിയറിന് വലിയ തിരിച്ചടിയായെന്ന് ഉമേഷ് ആരോപിച്ചു. യുവതാരങ്ങൾക്ക് അവസരം നൽകാനായിരുന്നു പദ്ധതിയെങ്കിൽ അത് മുൻകൂട്ടി അറിയിക്കാമായിരുന്നുവെന്നും, ഇതിനാൽ കരിയറിലെ വിലപ്പെട്ട ആറ്-ഏഴ് മാസങ്ങൾ നഷ്ടപ്പെട്ടതായും താരം വ്യക്തമാക്കി. ആഭ്യന്തര മത്സരങ്ങളിൽ ആവശ്യത്തിന് അവസരം ലഭിക്കാതിരുന്നതോടെ കായികക്ഷമതയെക്കുറിച്ച് സംശയങ്ങൾ ഉയരുകയും ഇത് 2026 ഐപിഎൽ ലേലത്തിലെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.
വിദേർഭയ്ക്കായി 2025 ഡിസംബറിൽ ആന്ധ്രയ്‌ക്കെതിരെയാണ് ഉമേഷ് അവസാനമായി കളത്തിലിറങ്ങിയത്. തുടർച്ചയായ അവഗണനകളെത്തുടർന്നാണ് വിദേർഭയുമായുള്ള നീണ്ട ബന്ധം അവസാനിപ്പിച്ച് താരം പഞ്ചാബിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.










