തിരുവനന്തപുരം: വീടുകൾക്കുള്ളിൽ നിശ്ശബ്ദം അനുഭവിക്കുന്ന ക്രൂരതകൾക്കും അനീതികൾക്കും ഇനി അന്ത്യം. ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പൂർണ്ണ സംരക്ഷണവും നിയമസഹായവും ഉറപ്പാക്കാൻ ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേനയുമായി കേരള പോലീസ്. ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി മുന്നേറുന്നതിനിടെയാണ്, ഗാർഹിക പീഡനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നീക്കം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയും ഐ.ജി.യുമായ അജിത ബീഗത്തിനാണ് സ്പീക്ക് അപ്പ് ദൗത്യത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്.
അതിക്രമങ്ങൾക്ക് ഇരയാകുന്ന അതിജീവിതകൾക്ക് ഉടനടി സുരക്ഷയൊരുക്കുക, സൗജന്യ നിയമസഹായവും വിദഗ്ദ്ധ കൗൺസിലിങ്ങും ലഭ്യമാക്കുക, സുരക്ഷിതമായ പുനരധിവാസവും ഉപജീവന പിന്തുണയും നൽകുക എന്നിവയാണ് ഈ പ്രത്യേക ദൗത്യസേനയുടെ പ്രധാന ലക്ഷ്യങ്ങൾ. ഭയം മൂലമോ മറ്റ് സാമൂഹിക സാഹചര്യങ്ങൾ കാരണമായോ പോലീസിൽ നേരിട്ട് പരാതി നൽകാൻ കഴിയാത്ത സ്ത്രീകൾക്ക്, തങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ടുതന്നെ സുരക്ഷിതമായി സഹായം തേടാനുള്ള സവിശേഷമായ ആശയവിനിമയ സംവിധാനവും സ്പീക്ക് അപ്പിലൂടെ പോലീസ് ഒരുക്കുന്നുണ്ട്.
അതിക്രമങ്ങൾ സഹിച്ചുകൊണ്ട് നാലുചുവരുകൾക്കുള്ളിൽ കഴിയുന്ന അവസ്ഥയ്ക്ക് വിരാമമിട്ട്, ധൈര്യത്തോടെ മുന്നോട്ടുവരാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവരങ്ങൾ ലഭിച്ചാൽ ഉടനടി സ്ഥലത്തെത്തി ഇടപെടാനും, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കാനും ക്രമസമാധാന വിഭാഗത്തിനും വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഗാർഹിക അതിക്രമങ്ങൾ തടയുന്നതിൽ സ്പീക്ക് അപ്പ് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












