ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) മുഖമുദ്രയാണ് വിരാട് കോഹ്‌ലി. 2008-ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ആർസിബിയുടെ ഭാഗമായ കോഹ്‌ലി 2013 മുതൽ 2021 വരെ ടീമിനെ നയിക്കുകയും ചെയ്തിരുന്നു. പിന്നീട് 2025-ൽ രജത് പാട്ടീദാറിന്റെ നായകത്വത്തിൽ ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം ഉയർത്തുകയും, 2026-ൽ കിരീടം വിജയകരമായി നിലനിർത്തുകയും ചെയ്തു.
എന്നാൽ ആർസിബിയിൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസി സ്ഥാനത്തിന് ഭീഷണി ഉയർന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ രംഗത്തെത്തിയിരിക്കുകയാണ്. 2019 സീസണിന് മുന്നോടിയായി ടീം മാനേജ്‌മെന്റ് തനിക്ക് ആർസിബിയുടെ ക്യാപ്റ്റൻസി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പാർത്ഥിവ് വെളിപ്പെടുത്തിയത്.
മുൻപ് ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി അഭിമുഖത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ ശരിവച്ചുകൊണ്ടാണ് പാർത്ഥിവ് ഇതേക്കുറിച്ച് മനസ്സ് തുറന്നത്. അടുത്ത സീസണിൽ നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരിക്കാൻ അന്നത്തെ പരിശീലകരായ ആശിഷ് നെഹ്റയും ഗാരി കിർസ്റ്റണും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പാർത്ഥിവ് പറഞ്ഞു. എന്നാൽ അടുത്ത സീസണിൽ കോച്ചിംഗ് സ്റ്റാഫിൽ മാറ്റങ്ങൾ വരുകയും പുതിയ പരിശീലകർ ചുമതലയേൽക്കുകയും ചെയ്തതോടെ തനിക്ക് ക്യാപ്റ്റൻസി ലഭിച്ചില്ലെന്ന് മാത്രമല്ല, ആ സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎൽ 2019 സീസണിൽ കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റി മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള പാർത്ഥിവ് പട്ടേലിനെ നായകനാക്കാൻ ആർസിബി ആലോചിച്ചിരുന്നതായി മുൻപ് മൊയീൻ അലിയും സ്പോർട്സ് തക്കിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് ശക്തമായ ചർച്ചകൾ നടന്നിരുന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് മൊയീൻ പറഞ്ഞിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്കിടയിലും 2019-ൽ കോഹ്‌ലി തന്നെ ആർസിബിയെ നയിക്കുകയും, വർക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി 2021 സീസണൊടുവിൽ സ്വയം നായകസ്ഥാനം ഒഴിയുകയുമായിരുന്നു.










