ഐക്യരാഷ്ട്രസഭയിൽ ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വ്യാജപ്രചാരണം നടത്താൻ ശ്രമിച്ച പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപ്പിച്ച് ഭാരതം. സ്വന്തം രാജ്യത്ത് ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും കാറ്റിൽപ്പറത്തി, ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തുന്ന പാകിസ്ഥാൻ മറ്റുള്ളവരെ നിയമവാഴ്ച പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്ത്യ തുറന്നടിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ കൗൺസിലറായ മൈഥിലി ആർ. ജനറൽ അസംബ്ലിയുടെ സിക്സ്ത് കമ്മിറ്റിയിൽ സംസാരിക്കവെയാണ് പാകിസ്ഥാന്റെ ഇരട്ടത്താപ്പ് ലോകത്തിന് മുന്നിൽ അനാവൃതമാക്കിയത്. പാകിസ്ഥാനിൽ “പട്ടാളമാണ് ഭരണം, പട്ടാളമാണ് നിയമം” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, കോടതികളുടെ സ്വാതന്ത്ര്യം തകർക്കുകയും സിവിലിയന്മാരെ മിലിറ്ററി കോടതികളിൽ വിചാരണ ചെയ്യുകയും ചെയ്യുന്ന ഭീകര അവസ്ഥയാണ് അവിടെ നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്ഥാനിലെ ന്യൂനപക്ഷ ജനസംഖ്യയിൽ ഉണ്ടായ വൻ ഇടിവ് ചൂണ്ടിക്കാട്ടിയ ഭാരതം, മാധ്യമസ്വാതന്ത്ര്യത്തെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഭരണകൂട നിലപാടുകളെയും രൂക്ഷമായി വിമർശിച്ചു. വിദേശ മാധ്യമങ്ങൾക്ക് റിപ്പോർട്ടിംഗിന് കർശന നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് മറ്റുള്ളവർക്ക് ഉപദേശം നൽകുന്നത്. കഴിഞ്ഞ വർഷം പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് പിന്തുണയുള്ള ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) തികച്ചും അളന്നുമുറിച്ചതും കൃത്യവുമായ സ്വയംപ്രതിരോധ നീക്കമായിരുന്നുവെന്ന് ഇന്ത്യ ആവർത്തിച്ചു. ബോംബെറിഞ്ഞ് തകർത്ത വ്യോമസേനാ താവളങ്ങളും തകർന്ന ഹാംഗറുകളുമാണ് പാകിസ്ഥാന്റെ ‘വിജയമെങ്കിൽ’ അതിൽ അവർക്ക് സന്തോഷിക്കാമെന്നും ഇന്ത്യ പരിഹസിച്ചു.
തുടർന്ന് നടന്ന ഡിസാർമമെന്റ് യോഗത്തിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അൻമോൾ ഷേർ സിംഗ് ബേദിയും പാകിസ്ഥാന് താക്കീതുമായി രംഗത്തെത്തി. ഭാരതത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും കടുത്ത തിരിച്ചടി നൽകുമെന്നും, അണുബോംബ് ഭീഷണികൾക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിന്റെ സൂത്രധാരന്മാരും അതിന് സാമ്പത്തികവും സൈനികവുമായ ഒത്താശ നൽകുന്ന ഭരണകൂടങ്ങളും തമ്മിൽ ഭാരതം യാതൊരു വ്യത്യാസവും കാണിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, ആഗോള സമാധാനത്തിന് ഭീഷണിയാകുന്ന പാക് നിലപാടുകളെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി.











