ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ (LoC) കടന്ന് ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ലഷ്കർ-ഇ-തൊയ്ബ (LeT) ഉന്നത കമാൻഡർ ഉൾപ്പെടെ നാല് പാകിസ്ഥാൻ ഭീകരർ ലാൻഡ് മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ സാത്വാൾ-നാകി/നാങ്കി തക്രി അതിർത്തി മേഖലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ വൻ സ്ഫോടനമുണ്ടായത്. പാക് അധീന കശ്മീരിൽ (PoJK) നിന്ന് ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ ഭീകരർ അബദ്ധത്തിൽ മൈനിൽ ചവിട്ടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ഇഷ്തിയാഖ്, മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മുഹമ്മദ് ഫൈസാൻ കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിഒജെകെയിലെ ഹജീറ തഹ്സിലിലെ മണ്ട്ല സ്വദേശികളാണ് നാലുപേരുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലം കാലങ്ങളായി പാക് ഏജന്റുമാരും ഭീകരരും ഇന്ത്യയിലേക്ക് കടന്നുകയറാൻ ഉപയോഗിക്കുന്ന പരമ്പരാഗത വഴിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ശക്തമായ സ്ഫോടനത്തെ തുടർന്ന് പൂഞ്ച് കൃഷ്ണ ഘാട്ടി മേഖലയിൽ ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൂടുതൽ ഭീകരർ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, പ്രകൃതിദത്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മുതലെടുത്ത് മറ്റ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ അതിർത്തിയിലുടനീളം പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന് നേരെ വൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ പദ്ധതിയാണ് ഇതോടെ തകർന്നടിഞ്ഞത്.












