ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ ബംഗാൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അഭിഷേക് പോറെൽ രഞ്ജി ട്രോഫിയിൽ സെഞ്ചുറി നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു. കല്ല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഡൽഹിക്കെതിരായ 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിലാണ് താരം വികാരഭരിതനായത്.
അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ പോറെൽ 114 റൺസോടെ പുറത്താകാതെ നിൽക്കുകയും, സുദീപ് കുമാർ ഘരാമിയുമായി (122*) ചേർന്ന് അഞ്ചാം വിക്കറ്റിൽ 211 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. സെഞ്ചുറി നേട്ടത്തിന് പിന്നാലെ കളം വിടുമ്പോൾ കൺട്രോൾ നഷ്ടപ്പെട്ട് കരഞ്ഞ താരം, താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളെക്കുറിച്ച് മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചു.
കരയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ ആ വികാരം അറിയാതെ പുറത്തുവന്നതാണെന്നും പറഞ്ഞ പോറെൽ, തന്റെ ബാറ്റ് കൊണ്ടാണ് എല്ലാവർക്കും മറുപടി നൽകാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. തടവറയിലെ ദിവസങ്ങൾ തനിക്ക് മറ്റൊരു ലോകമായിരുന്നെന്നും അവിടെനിന്ന് ഉൾക്കൊണ്ട കാര്യങ്ങൾ മാനസികമായി കൂടുതൽ കരുത്തനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് ഓഗസ്റ്റ് 11-നാണ് അഭിഷേക് പോറെൽ അറസ്റ്റിലായത്. മൂന്നര വർഷമായി പ്രണയത്തിലായിരുന്ന തങ്ങളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നും, മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. തുടർന്ന് ഒരു മാസത്തിലേറെ ജയിലിൽ കഴിഞ്ഞ പോറെലിന് സെപ്റ്റംബർ 19-നാണ് ജാമ്യം ലഭിച്ചത്. നിലവിൽ കേസിന്റെ വിചാരണ തുടരുകയാണ്.










