ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. വിമാൽ കുമാറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിൻ ഈ മൂന്ന് താരങ്ങളുമൊത്തുള്ള തന്റെ അനുഭവങ്ങളും സൗഹൃദവും പങ്കുവെച്ചത്. മൂവരുമായും മികച്ച ബന്ധമാണ് തനിക്കുള്ളതെങ്കിലും ജസ്പ്രീത് ബുംറയുമായുള്ള കൂട്ടുകെട്ടാണ് താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതെന്ന് അശ്വിൻ വ്യക്തമാക്കി. ബുംറയുമായി സംസാരിക്കുമ്പോൾ ഒരിക്കലും ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നും, പരസ്പരം കളിയാക്കിയും തമാശകൾ പങ്കുവെച്ചുമാണ് സമയം ചെലവഴിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലി സ്വന്തം പ്രകടനത്തിലൂടെ സഹതാരങ്ങൾക്ക് മാതൃകയായ ഒരു മോട്ടിവേഷണൽ ക്യാപ്റ്റനായിരുന്നുവെന്നും, രോഹിത് ശർമ്മ തന്ത്രപരമായ നീക്കങ്ങളിൽ അതിസമർത്ഥനായ നായകനായിരുന്നുവെന്നും അശ്വിൻ ഓർമിച്ചു. ക്യാപ്റ്റൻ സ്ഥ ഒഴിഞ്ഞതിന് ശേഷമാണ് വിരാടുമായുള്ള തന്റെ സൗഹൃദം കൂടുതൽ മികച്ചതായതെന്നും, രോഹിതുമായി എപ്പോഴും വളരെ നല്ലൊരു ബന്ധമാണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പുലർത്തുന്ന മികച്ച ഫോമിനെയും അശ്വിൻ പ്രശംസിച്ചു. കളിച്ച 9 ഏകദിനങ്ങളിൽ നിന്ന് 69 ശരാശരിയിലും ഏകദേശം 118 സ്ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന കോഹ്‌ലി ഫിറ്റ്‌നസിന്റെ കാര്യത്തിൽ എപ്പോഴും മാതൃകയാണെന്ന് അശ്വിൻ വ്യക്തമാക്കി. അതേസമയം, കഠിനാധ്വാനത്തിലൂടെയാണ് രോഹിത് തന്റെ ഫിറ്റ്‌നസും ഗെയിമും മെച്ചപ്പെടുത്തി ഈ നിലയിലേക്ക് തിരിച്ചെത്തിയതെന്നും, 2027 ഏകദിന ലോകകപ്പ് നേടുകയെന്ന രോഹിതിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 49,000-ലധികം റൺസും 138 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുള്ള കോഹ്‌ലിയും രോഹിതും ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ കരുത്താണെന്നും അശ്വിൻ പറഞ്ഞു.










