ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യം ലോകത്തെ മുൻനിര ഡിജിറ്റൽ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറ’ത്തിൽ സംസാരിക്കവെയാണ് ആഗോള വേദിയെയും സാമ്പത്തിക വിദഗ്ധരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഭാരതത്തിന്റെ വളർച്ചയെക്കുറിച്ച് വ്യക്തമാക്കിയത്. ഭാരതത്തിൽ സ്വതന്ത്ര മാധ്യമങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ കാതലായി നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറിലധികം ഭാഷകളും എൺപതിനായിരത്തോളം രജിസ്റ്റർ ചെയ്ത ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റലൈറ്റ് ടിവി ചാനലുകളും ഉള്ള മാധ്യമ സംസ്കാരമാണ് ഇന്ത്യയുടേത്. സോഷ്യൽ മീഡിയ രംഗത്ത് വലിയ മുന്നേറ്റം നടത്തിയ ഇന്ത്യയിൽ നിലവിൽ 500 മില്യണിലധികം യൂട്യൂബ് ഉപഭോക്താക്കളും, 500 മില്യണിലേറെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുമുണ്ട്. രാജ്യത്തെ വിവിധ വിഷയങ്ങളിൽ ജനങ്ങളും മാധ്യമങ്ങളും തുറന്ന രീതിയിലാണ് സംവാദങ്ങളും ചർച്ചകളും നടത്തുന്നത്. വിഭിന്നമായ വീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്നും മോദി ചൂണ്ടിക്കാണിച്ചു.
ലോകരാജ്യങ്ങൾ ഒരു സാമ്പത്തിക അല്ലെങ്കിൽ സൈനിക സംഘർഷത്തിൽ നിന്ന് പുറത്തുകടക്കുമ്പോഴേക്കും അടുത്ത പ്രതസന്ധി ആരംഭിക്കുകയാണെന്ന് ആഗോള രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സംഘർഷങ്ങൾ ഊർജ്ജ മേഖലയിലടക്കം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാൽ ലോകത്തിനൊപ്പം അതിവേഗം വളരുമ്പോഴും മറ്റ് രാജ്യങ്ങൾക്ക് യാതൊരുവിധ ക്ഷതവും ഏൽപ്പിക്കാതെയാണ് ഇന്ത്യ മുന്നേറുന്നത്. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ ലോകത്ത് സാമ്പത്തികവും സാമൂഹികവുമായ സ്ഥിരത ഉറപ്പാക്കുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.












