വിവാഹനിശ്ചയം മാറ്റിവെച്ച് വേർപിരിഞ്ഞ് മൂന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഒന്നിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും നടി അകൃതി അഗർവാളും. അടുത്തുനിൽക്കുന്ന ചിലരുടെ തെറ്റായ ഉപദേശങ്ങളും അഭിപ്രായങ്ങളും കേട്ടാണ് താൻ പെട്ടെന്നൊരു തീരുമാനമെടുത്തതെന്നും, പരസ്പരം കാര്യമായി സംസാരിക്കാതെയാണ് വിവാഹനിശ്ചയം റദ്ദാക്കിയതെന്നും അകൃതി ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.
തനിക്കുണ്ടായ തെറ്റ് തിരിച്ചറിഞ്ഞെന്നും, പരസ്പരം തുറന്നു സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് പുതിയൊരു തുടക്കത്തിന് രണ്ടുപേരും തയ്യാറായതെന്നും അവർ വ്യക്തമാക്കി. ഇരുവരുടെയും ജീവിതത്തിൽ മറ്റാരുടെയും അഭിപ്രായങ്ങൾക്ക് ഇനി സ്ഥാനമില്ലെന്നും തങ്ങളുടെ സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അകൃതി കൂട്ടിച്ചേർത്തു.
2026 മാർച്ച് 8-നായിരുന്നു 26-കാരനായ പൃഥ്വി ഷായുടെയും അകൃതി അഗർവാളിന്റെയും വിവാഹനിശ്ചയം നടന്നത്. സെപ്റ്റംബർ 17-ന് ഇരുവരും പിരിഞ്ഞതിന് പിന്നാലെ പൃഥ്വി ഷാ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകൾ ആർക്കൈവ് ചെയ്തിരുന്നുവെങ്കിലും, വീണ്ടും ഒന്നിച്ചതോടെ അകൃതിക്കൊപ്പമുള്ള ചിത്രങ്ങൾ തിരികെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, നിലവിൽ നടക്കുന്ന 2026-27 രഞ്ജി ട്രോഫി സീസണിൽ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനമാണ് പൃഥ്വി ഷാ പുറത്തെടുക്കുന്നത്. ഡൽഹിയിൽ സർവീസസിനെതിരെ നടക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത മഹാരാഷ്ട്രക്കായി പൃഥ്വി ഷാ 73 പന്തിൽ നിന്ന് 70 റൺസ് നേടി മികച്ച തുടക്കം നൽകിയിരുന്നു.











