വോട്ട് മോഷണ ആരോപണങ്ങളും സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) തർക്കങ്ങളും ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. മുൻകാലങ്ങളിൽ തങ്ങൾക്ക് അനുകൂലമായി നിലപാടെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കോൺഗ്രസ് വൻ പദവികളും പാരിതോഷികങ്ങളും നൽകി ആദരിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മുൻപ് ടി.എൻ. ശേഷനെ എൽ.കെ. അദ്വാനിക്കെതിരെ സ്ഥാനാർത്ഥിയാക്കിയതും, എം.എസ്. ഗില്ലിന് പദ്മവിഭൂഷൺ നൽകിയതും, നവീൻ ചൗളയെ തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചതിന് സിഇസിയാക്കിയതും കോൺഗ്രസിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്ന് ഗോയൽ കുറ്റപ്പെടുത്തി. 1986-ൽ മുൻ സിഇസി ആർ.കെ. ത്രിവേദിയെ ഗുജറാത്ത് ഗവർണറാക്കിയ സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുൻകാലങ്ങളിൽ യാതൊരുവിധ കൂടിയാലോചനകളുമില്ലാതെ ഏകപക്ഷീയമായാണ് പ്രതിപക്ഷത്തെപ്പോലും അറിയിക്കാതെ കോൺഗ്രസ് സർക്കാരുകൾ ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചിരുന്നതെന്നും ഓർമ്മിപ്പിച്ചു.
എന്നാൽ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് പിയൂഷ് ഗോയൽ അവകാശപ്പെട്ടു. 2023-ൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൻ കീഴിൽ എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും തികച്ചും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടന്നു എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, കോൺഗ്രസ് ഭരണത്തിലുള്ള നാല് സംസ്ഥാനങ്ങളിലെ സർക്കാരുകളെ രാജിവെപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്നും ഗോയൽ വെല്ലുവിളിച്ചു.








