ലണ്ടനിൽ ഹലാൽ അല്ലാത്ത (Non-Halal) ഭക്ഷണം നൽകുന്നതിന്റെ പേരിൽ കടുത്ത വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായ സിഖ് വ്യവസായി ഹർമാൻ സിംഗ് കപൂറിന്റെ പുതിയ റെസ്റ്റോറന്റും പൂട്ടിപ്പോകലിന്റെ വക്കിൽ. ‘സിങ്സ് ഡൈനിംഗ്’ (Singh’s Dining) എന്ന തന്റെ സ്ഥാപനം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് തരംഗമായി മാറിയിരിക്കുകയാണ്. ഗൂഗിൾ തങ്ങളുടെ യഥാർത്ഥ 5 സ്റ്റാർ റിവ്യൂകൾ തടയുകയും വ്യാജമായി നൽകുന്ന 1 സ്റ്റാർ റിവ്യൂകൾ വൻതോതിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്നാണ് കപൂറിന്റെ ആരോപണം.
നേരത്തെ ലണ്ടൻ ഹാമർസ്മിത്തിൽ ‘രംഗ്രേജ്’ (Rangrez) എന്ന പ്രശസ്തമായ റെസ്റ്റോറന്റ് നടത്തിവന്ന കപൂർ, “ഞങ്ങൾ ഹലാൽ ഭക്ഷണം നൽകുന്നില്ല” എന്ന ബോർഡ് വെച്ചതോടെയാണ് വലിയ തർക്കങ്ങളിലും വിവാദങ്ങളിലും കുടുങ്ങുന്നത്. സിഖ് മതവിശ്വാസപ്രകാരം ‘ജട്ക’ (Jhatka) മാംസമാണ് ഉപയോഗിക്കുന്നതെന്നും അത് അഭിമാനത്തോടെ തുറന്നുപറയുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഇതിനുപിന്നാലെ പാകിസ്ഥാൻ അനുകൂല സംഘങ്ങളുടെ ഭീഷണിയും ലണ്ടൻ പോലീസിന്റെ അവഗണനയും നേരിടേണ്ടി വന്നതോടെ രംഗ്രേജ് അടച്ചുപൂട്ടേണ്ടി വന്നു.
തുടർന്ന് ആരംഭിച്ച സിങ്സ് ഡൈനിംഗ് എന്ന പുതിയ സംരംഭവും ഇപ്പോൾ തകർച്ച നേരിടുകയാണ്. കെട്ടിട ഉടമയ്ക്ക് നൽകാനുള്ള വാടക കുടിശ്ശികയായതോടെ കോടതി നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് കപൂർ എക്‌സിൽ കുറിച്ചു. “എന്റെ അഭിമാനം മാറ്റിവെച്ച് ഞാൻ ചോദിക്കുകയാണ്, ഞങ്ങളുടെ റെസ്റ്റോറന്റ് സംരക്ഷിക്കാൻ സഹായിക്കണം. ഭക്ഷണശാല നടത്തുന്നത് എനിക്ക് വെറുമൊരു കച്ചവടമല്ല, എന്റെ ജീവിതമാർഗ്ഗമാണ്. ഗൂഗിളിലെ വ്യാജ റേറ്റിംഗുകൾ ബിസിനസിനെ തകർത്തു” എന്ന് ഹർമാൻ സിംഗ് കപൂർ കുറിച്ചു. ലണ്ടനിലെ സിഖ്, ഇന്ത്യൻ സമൂഹങ്ങളോട് തങ്ങളുടെ റസ്റ്റോറന്റിലെത്തി ഭക്ഷണം കഴിച്ച് പിന്തുണയ്ക്കാനാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്










