പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ സാംസ്കാരിക-ആത്മീയ ഉത്സവമായ ദുർഗ്ഗാ പൂജ ആഘോഷങ്ങളുടെ മനോഹാരിതയിൽ മനംമയങ്ങി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. സിറ്റി ഓഫ് ജോയ് ആയ കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗ്ഗാപൂജ പന്തലുകൾ നേരിട്ട് സന്ദർശിച്ച അദ്ദേഹം, നഗരത്തിലെ അത്ഭുതകരമായ ആഘോഷ അന്തരീക്ഷവും ജനങ്ങളുടെ ഉഷ്മളമായ സ്വീകരണവും അനുഭവിച്ചറിഞ്ഞു. പന്തലുകളിലെ ആകർഷകമായ അലങ്കാരങ്ങളും ദേവീവിഗ്രഹങ്ങളുടെ കലാപരമായ ചാരുതയും കണ്ടുമറന്ന അംബാസഡർ, ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) പങ്കുവെക്കുകയും ചെയ്തു.
കൊൽക്കത്തയിലേക്ക് വീണ്ടും എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് എക്‌സിലെ കുറിപ്പിൽ അംബാസഡർ സെർജിയോ ഗോർ കുറിച്ചു. “മനോഹരമായ ചില പന്തലുകൾ സന്ദർശിക്കാനും ഇവിടുത്തെ അവിശ്വസനീയമായ സർഗ്ഗാത്മകതയും സാമൂഹിക കൂട്ടായ്മയുടെ സ്നേഹവും നേരിട്ട് അനുഭവിക്കാനും കഴിഞ്ഞു. എന്തുകൊണ്ടാണ് ഈ ആഘോഷം ഇത്രയധികം പ്രത്യേകതയുള്ളതാകുന്നത് എന്ന് എനിക്ക് ഇപ്പോൾ പൂർണ്ണമായി മനസ്സിലാകുന്നു. ആഘോഷങ്ങളിൽ പങ്കുചേരുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദുർഗ്ഗാ പൂജ ആശംസകൾ,” എന്ന് അദ്ദേഹം കുറിച്ചു. ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും പന്തലുകളിലെ കലാസൃഷ്ടികൾ നടന്നു കാണുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലുടനീളം വലിയ ആവേശത്തോടെയാണ് ദുർഗ്ഗാ പൂജ ആഘോഷിക്കുന്നത്. ആഘോഷ നാളുകളിൽ കൊൽക്കത്ത നഗരം വർണ്ണാഭമായ ഒരു വലിയ സാംസ്കാരിക കേന്ദ്രമായി മാറുകയാണ് പതിവ്. വൈവിധ്യമാർന്ന തീമുകളിൽ ഒരുക്കുന്ന കൂറ്റൻ പന്തലുകളും പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ദേവീ വിഗ്രഹങ്ങളും കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നുവരെ ലക്ഷക്കണക്കിന് ആളുകളാണ് കൊൽക്കത്തയിലേക്ക് എത്തുന്നത്. ഈ വലിയ ഉത്സവ കാഴ്ചകളുടെ ഭാഗമാകാൻ സാധിച്ചത് ഏറെ സവിശേഷമായ അനുഭവമാണെന്ന് യുഎസ് അംബാസഡർ കൂട്ടിച്ചേർത്തു.












