വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിംഗ് ഇലവനിൽ നിന്ന് മാറ്റിനിർത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമചാരി ശ്രീകാന്ത്. നിരന്തരം ടീമിൽ നിന്ന് ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നത് ഇത്രയും ചെറിയ പ്രായമുള്ള ഒരു കളിക്കാരന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറുകയും, തൊട്ടുപിന്നാലെ നടന്ന സിംബാബ്‌വെ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടുകയും ചെയ്ത പതിനഞ്ചുകാരനായ വൈഭവിനെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരുത്തിയത് ശരിയായില്ലെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. വെസ്റ്റ് ഇൻഡീസിനെപ്പോലൊരു ടീമിനെതിരെ വൈഭവിന് അവസരം നൽകണമായിരുന്നുവെന്നും, ദീർഘനാളായി കളിക്കുന്ന അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകി അടുത്ത മത്സരത്തിൽ സഞ്ജു സാംസണിനൊപ്പം വൈഭവിനെ ഓപ്പണറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയെയും ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. സഞ്ജുവിന്റെ കരിയർ എപ്പോഴും ഉയർന്നുതാഴ്ന്നാണ് നിൽക്കുന്നതെന്നും, ചിലപ്പോഴൊക്കെ വേൾഡ് കപ്പിലെന്നപോലെ അത്ഭുതങ്ങൾ സൃഷ്ടിക്കുമെങ്കിലും പിന്നീട് തുടർച്ചയായി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിലെ 82 റൺസ് ഒഴിച്ചാൽ, കഴിഞ്ഞ ആറ് ടി20 ഇന്നിങ്സുകളിൽ അഞ്ചിലും സഞ്ജുവിന് 15 റൺസ് പോലും കടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീകാന്ത്, അടുത്ത മത്സരത്തിൽ സഞ്ജു വീണ്ടും റൺസ് കണ്ടെത്തിയേക്കാമെന്നും കൂട്ടിച്ചേർത്തു
. 2026 ടി20 വേൾഡ് കപ്പ് വിജയത്തിൽ നിർണായകമായ ഹാട്രിക് 80+ സ്‌കോറുകൾക്ക് ശേഷം ഫോം കണ്ടെത്താൻ പാടുപെടുന്ന സഞ്ജുവിന് പരമ്പരയിലെ വരും മത്സരങ്ങൾ നിർണായകമാണ്.










